യുവാവിനെ ആളുമാറി മര്‍ദിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍
1568038
Tuesday, June 17, 2025 6:38 AM IST
പേരൂര്‍ക്കട: യുവാവിനെ ആളുമാറി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. വട്ടിയൂര്‍ക്കാവ് അറപ്പുര സരസ്വതി വിദ്യാലയത്തിനു സമീപം പേഴുവിള വീട്ടില്‍ മനു (31) ആണ് പിടിയിലായത്. മേയ് 14-നായിരുന്നു കേസിനാസ്പദമായ സംഭവം.
തിരുമല പുന്നയ്ക്കാമുകള്‍ സ്വദേശി പ്രവീണ്‍ ആണ് പത്തംഗസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. പ്രതികളുടെ സുഹൃത്തായ പൂജപ്പുര സ്വദേശി വിഷ്ണു സംഭവദിവസം ആത്മഹത്യ ചെയ്തിരുന്നു.
വിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദി പ്രവീണ്‍ ആണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. വിഷ്ണുവിന്റെ സംസ്കാരച്ചടങ്ങ് ശാന്തികവാടത്തില്‍ നടത്തിയശേഷം സംഘം പ്രവീണിനെ മര്‍ദിച്ചവശനാക്കുകയും കൈവശമുണ്ടായിരുന്ന പണം അപഹരിച്ച് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പ്രാവച്ചമ്പലം സ്വദേശി മുഹമ്മദ് കൈഫ് (23), നേമം പഴയ കാരയ്ക്കാമണ്ഡപം സ്വദേശി അനു (29), പാപ്പനംകോട് സ്വദേശികളായ നിഷാദ് (25), അദിത് വിജയന് (20), അശ്വിന് വിജയന് (20), മുട്ടത്തറ സ്വദേശി വിഷ്ണു (32), കാട്ടാക്കട സ്വദേശി മുജീഷ് ഖാന് (23) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മനുവിനെ അറപ്പുരയിലെ വീട്ടില്‍നിന്നും തമ്പാനൂര്‍ സിഐ വി.എം. ശ്രീകുമാര്‍, എസ്ഐ ബിനു മോഹന്‍, എസ്സിപിഒ ശ്രീരാഗ്, സിപിഒമാരായ ഷിഹാബ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.