അഴകൊടി ദേവി മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷം
1227123
Monday, October 3, 2022 12:30 AM IST
കോഴിക്കോട് : തിരുത്തിയാട് അഴകൊടി ദേവി മഹാക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഏഴാം നാളായ ഇന്നലെ തൃക്കുറ്റിശ്ശേരി ശിവശങ്കരൻ മാരാരുടെ പ്രമാണത്തിൽ 101 വാദ്യ കലാകാരന്മാർ അണിനിരന്ന മെഗാ പാണ്ടിമേളം നടന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നവരാത്രി ആഘോഷങ്ങൾ വിപുലീകരിച്ചതിന്റെ ഭാഗമായാണ് മെഗാ പാണ്ടിമേളം ഉൾപ്പെടെ നിരവധി പ്രത്യേക കലാപരിപാടികൾ സജ്ജീകരിച്ചിട്ടുള്ളത്. ഒന്നാം ദിനം മുതൽ പത്താം ദിനം വരെ വിശേഷാൽ പൂജകളും വഴിപാടുകളും പറനിറക്കൽ ചടങ്ങുകളും ഒരുക്കിയിട്ടുണ്ട്.
ഒൻപതാം ദിനത്തിൽ സംഗീത റിയാലിറ്റി ഷോ താരം റിതുരാജ് നയിക്കുന്ന മെഗാ ഗാനമേള നടക്കും. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുന്നത്. വിജയദശമി നാളിൽ രാവിലെ 8മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുമെന്നും അന്നേദിവസം അന്നദാനം ഉണ്ടായിരിക്കുമെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു.