ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരണ യോഗം
1226084
Thursday, September 29, 2022 11:53 PM IST
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ മയക്കു മരുന്നിന്റെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുള്ള ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരണ യോഗം നഗരസഭ ഹാളിൽ ചേർന്നു. വരും ദിനങ്ങളിൽ ലഹരി വിമുക്ത നഗരസഭയായി മാറ്റുന്നതിന് വേണ്ടി വിദ്യാഭ്യസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൗണ്‍സിലിംഗ്, ലഹരി വിമുക്ത ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് നഗരസഭ തലത്തിൽ സ്ക്വാഡ് രൂപീകരിച്ചു. മാനന്തവാടി നഗരസഭയിൽ 36 ഡിവിഷനുകളും ലഹരി വിമുക്തമാക്കുന്നതിനു വേണ്ടി യുവ ജനങ്ങളുടെ നേതൃത്വത്തിൽ അതാത് ഡിവിഷനുകളിൽ സ്ക്വാഡ് രൂപീകരിക്കും. ഇതിന്റെ പ്രവർത്തനം ആഴ്ചയിൽ ഒരിക്കൽ വിലയിരുത്താനും യോഗത്തിൽ തീരുമാനിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി.എസ്. മൂസ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി. ജോർജ്, വി.ആർ. പ്രവീജ്, എക്സൈസ് മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, മാനന്തവാടി എഎസ്ഐ മെർവിൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.