സ്ത്രീകൾക്കെതിരേയുള്ള അതിക്രമം; പ്രശ്നപരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന്
1226093
Thursday, September 29, 2022 11:54 PM IST
കൽപ്പറ്റ: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് വനിത കമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ.പി. സതീദേവി പറഞ്ഞു.
വയനാട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വനിത കമ്മീഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ. ഗാർഹിക പീഡനം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചുളള കേസുകളുടെ എണ്ണം ജില്ലയിൽ വർധിക്കുന്നുണ്ട്.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാൻ സാഹചര്യം ഒരുക്കുന്ന പോഷ് ആക്ട് (പ്രൊട്ടക്ഷൻ ഓഫ് സെക്ഷ്വൽ ഹരാസ്മെന്റ് ഇൻ വർക്ക്പ്ലെയ്സ്) അനുശാസിക്കുന്ന പ്രശ്ന പരിഹാര സംവിധാനം നിലവിൽ പല തൊഴിൽ സ്ഥാപനങ്ങളിലും ഇല്ലെന്ന പരാതികളും ലഭിച്ചിട്ടുണ്ട്.
പുരുഷൻമാരിലെ മദ്യപാനാസക്തി, ലഹരി ഉപയോഗം എന്നിവ മൂലം സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ സമൂഹത്തിന്റെ ഇടപെടൽ ഉണ്ടാകണം. പ്രശ്ന പരിഹാരത്തിനായി ജാഗ്രതയോടുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്. ലിംഗ നീതി സംബന്ധിച്ച ബോധവത്കരണം പരിപാടികൾ ജില്ലകൾതോറും നടത്താൻ കമ്മീഷൻ തീരുമാനിച്ചതായും അവർ പറഞ്ഞു.
അദാലത്തിൽ 36 പരാതികൾ കമ്മീഷൻ പരിഗണിച്ചു. 10 പരാതികൾ തീർപ്പാക്കി. 21 എണ്ണം അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. രണ്ട് പരാതികൾ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോർട്ട് ലഭ്യമാക്കാൻ നിർദ്ദേശിച്ചു. വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വക്കറ്റുമാരായ ഓമന വർഗീസ്, മിനി മാത്യൂസ്, വനിത സെൽ സബ് ഇൻസെപക്ടർ കെ.എം. ജാനകി തുടങ്ങിയവർ പങ്കെടുത്തു.