റിക്കവറി നടപടികൾ അവസാനിപ്പിക്കണമെന്ന്
1244923
Thursday, December 1, 2022 11:51 PM IST
പുൽപ്പള്ളി: സ്വർണ്ണവ്യാപാര സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ വിൽക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങൾ വാങ്ങിയതിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ല കൗണ്സിൽ സമ്മേളനം ആവശ്യപ്പെട്ടു. ഏത് സമയത്തും പണമാക്കി മാറ്റാവുന്ന വസ്തുവായതിനാൽ അത്യാവശ്യക്കാർ സ്വർണാഭരണങ്ങൾ വിൽക്കാൻ കൊണ്ടുവരുന്പോൾ വ്യാപാരികൾ വില കൊടുത്ത് എടുക്കേണ്ടതായ അവസ്ഥയുണ്ട്. എന്നാൽ എവിടെനിന്നെങ്കിലും മോഷണം നടത്തിയതിന്റെ ഭാഗമായി കൊണ്ടുവരുന്ന സ്വർണവും അതറിയാതെ വ്യാപാരികൾവില കൊടുത്തു വാങ്ങേണ്ടിവരുന്ന അവസ്ഥ ഉണ്ടാകുന്പോൾ അതിെൻറ പേരിൽ സ്വർണ വ്യാപാരികളെ പ്രതികളാക്കുന്ന നടപടികളിൽ നിന്ന് പോലീസ് അധികാരികൾ പിൻമാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കേണിച്ചിറയിൽ നടന്ന ജില്ലാ സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സക്കീർ ഇക്ബാൽ, സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റായി മാത്യു മത്തായി ആതിരയേയും ജനറൽ സെക്രട്ടറിയായി പി.കെ. ലത്തീഫ് ബ്രൈറ്റ് ഗോൾഡ്, ട്രഷററായി ജോസ് വി. ജോസിനേയും തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.ജെ. അലക്സാണ്ടർ, വൈസ് പ്രസിഡന്റുമാരായി കെ.പി. ദാമോദരൻ, ബാബു അനുപമ, മധു ലൈക്ക, ബെന്നി അഗസ്റ്റിൻ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സിദ്ദിഖ് സിന്ദൂർ, ഷാനു മലബാർ, സബാൻ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു. പീറ്റർ മൂഴയിൽ, സജി തിളക്കം, ചാക്കോച്ചൻ നോബിൾ, ഹാരിസ് മലബാർ, മുഹമ്മദ് ഷാലിമാർ, ഷാജി മേമന എന്നിവർ പ്രസംഗിച്ചു.