മെഡിക്കൽ കോളജ്: സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി
1592902
Friday, September 19, 2025 6:03 AM IST
മാനന്തവാടി: മെഡിക്കൽ കോളജ് ഓഫീസിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായി. മന്ത്രി ഒ.ആർ. കേളുവിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.70 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളജ് കെട്ടിടത്തിന് മുൻവശത്തും പിൻവശത്തും സംരക്ഷണ ഭിത്തി നിർമാണം പൂർത്തീകരിച്ചത്.
നേരത്തെയുണ്ടായ മണ്ണിടിച്ചിലിന് ശേഷം പരിസരത്തെ നഴ്സിംഗ് കോളജ് കെട്ടിടത്തിനും തൊട്ടടുത്തുള്ള ചൂട്ടക്കടവ് പ്രദേശവാസികൾക്കും ഭീഷണിയായ ഭാഗത്താണ് പൊതുമരാമത്ത് കെട്ടിട വിഭാഗം സംരക്ഷണഭിത്തി നിർമിച്ചത്. 2018ലെ പ്രളയത്തിലാണ് ഓഫീസിന്റെ മുൻവശത്തേയും പിൻവശത്തെയും ഭിത്തികൾ ഇടിഞ്ഞത്.
ഡിഎംഒ ഓഫീസ് പരിസരത്തു നിന്ന് അന്ന് വലിയ തോതിൽ മണ്ണും ചെളിയും ചൂട്ടക്കടവ് പ്രദേശത്തേക്ക് ഒലിച്ചിറങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. മെഡിക്കൽ കോളജ് ഓഫീസും നഴ്സിംഗ് കോളജും പ്രവർത്തിക്കുന്ന കെട്ടിടത്തിനും മണ്ണിടിച്ചിൽ വലിയ ഭീഷണി സൃഷ്ടിച്ചു. നിലവിൽ മാനന്തവാടി മെഡിക്കൽ കോളജ് ഓഫീസും നഴ്സിംഗ് കോളജും പ്രവർത്തിക്കുന്നത് ഒരു കെട്ടിടത്തിലാണ്.