ലോട്ടറി തൊഴിലാളികൾ പോസ്റ്റോഫീസ് മാർച്ച് നടത്തി
1592905
Friday, September 19, 2025 6:07 AM IST
കൽപ്പറ്റ: ലോട്ടറിയുടെ മേലുള്ള ജിഎസ്ടി 40 ശതമാനമായി വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ്പോസ്റ്റോഫീസ് മാർച്ച് നടത്തി.
നിലവിൽ ലോട്ടറിക്ക് ജിഎസ്ടി 28 ശതമാനമാണ്. അത് 40 ശതമാനമായി വർധിപ്പിച്ചത് കേരള ഭാഗ്യക്കുറിയെ തകർക്കും. തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നുണ്ട്.
ജിഎസ്ടി 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയിൽ 40 ശതമാനമായി ഉയർത്തുകയും ചെയ്യുന്നത് അനീതിയാണ്. ക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന പെൻഷൻ, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങൾ, എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെപ്പോലും ഈ നികുതി വർധന പ്രതികൂലമായി ബാധിക്കും.
ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് സംസ്ഥാന സർക്കാർ കാരുണ്യ ചികിത്സാപദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം ഏകദേശം ആറ് ലക്ഷം പേർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. 42 ലക്ഷം കുടുംബങ്ങൾ ഈ സൗജന്യചികിത്സാപദ്ധതിയിൽ ഗുണഭോക്താക്കളാണ്.
2017ൽ ജിഎസ്ടി ആരംഭിച്ചത് മുതൽ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020ൽ അത് 28 ശതമാനമാക്കി വർധിച്ചു. ഇപ്പോഴാകട്ടെ 40 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. ഫലത്തിൽ 350 ശതമാനത്തിന്റെ വർധന. മറ്റൊരു മേഖലയിലും ഇത്തരമൊരു ഭീമമായ വർധനയില്ല. ഭാഗ്യക്കുറി സംരക്ഷണ സമിതി സംസ്ഥാന കണ്വീനർ പി.ആർ. ജയപ്രകാശ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ഷിബു പോൾ അധ്യക്ഷത വഹിച്ചു. ടി.എസ്. സുരേഷ്, ഭുവനചന്ദ്രൻ, വി.ജെ. ഷിജു, ബിജു, നിർമ്മല വിജയൻ, എസ്.പി. രാജവർമ്മ, മനോജ് അന്പാടി, സി.എം. നിഷാദ്, ജിനീഷ്, സനിൽ കുമാർ, എം.കെ. ശ്രീധരൻ, ടി. ജയരാജ്, ടി.എസ്. രാജ, സന്തോഷ് കുമാർ, പി. നാരായണദാസ് എന്നിവർ പ്രസംഗിച്ചു.