ആലത്തൂർ എസ്റ്റേറ്റിൽ മരം മുറിക്കാൻ നീക്കം
1592899
Friday, September 19, 2025 6:03 AM IST
കാട്ടിക്കുളം: കാട്ടിക്കുളത്തെ ആലത്തൂർ എസ്റ്റേറ്റിൽ നിന്ന് വീണ്ടും മരം മുറിക്കാൻ നീക്കം. ബന്ധപ്പെട്ടവകുപ്പുകൾ അനുമതി നിഷേധിച്ചതിനെ തുടർന്ന് കോടതിയിൽ നിന്നും അനുമതി നേടി 100 കുറ്റി ഈട്ടിമരം മുറിക്കാനാണ് എസ്റ്റേറ്റ് നടത്തിപ്പുകാർ അനുമതി തേടിയിരിക്കുന്നത്.
വിദേശ പൗരനായ എഡ്വേർഡ് ജുവർട്ട് വാനിംഗൻ കർണാടക സ്വദേശിയായ മൈക്കിൾ ഫ്ളോയിഡ് ഈശ്വറിന് ദാനാധാരമായി നൽകിയ വിവാദ ഭൂമിയിലാണ് വീണ്ടുംമരം മുറിക്കായി അനുമതി തേടിയത്. വിദേശ പൗരന്റെ കാലശേഷം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി നിയമ പ്രകാരം സർക്കാരിൽ നിക്ഷിപ്തമാകണമെന്ന നിയമപ്രകാരം എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തലത്തിൽ നീക്കം നടത്തിയിരുന്നു. ഇതിനെതിരേ 2024 ൽ അനുകൂലവിധി സംന്പാദിച്ച് എസ്റ്റേറ്റ് നടത്തിപ്പുകൾ നികുതി അടച്ചിരുന്നു.
ഇതിനെതിരേ സർക്കാർ അപ്പീൽ നൽകി കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് മരം മുറിക്കാൻ നീക്കം ആരംഭിച്ചത്. 100 വീട്ടി മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തിൽ കോടതി നിശ്ചയിച്ച കമ്മീഷനും കോഫി ബോർഡും അപേക്ഷയിൽ സ്ഥലം സന്ദർശിച്ച് മരം മുറിക്കാനുള്ള അനുമതിക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്.
എസ്റ്റേറ്റ് സംബന്ധിച്ച വിവാദങ്ങളും സർക്കാർ നടപടികളും ചൂണ്ടിക്കാട്ടി നിലവിൽ മരംമുറിക്കാൻ അനുമതി നൽകാൻ നിർവാഹമില്ലെന്നാണ് മുൻപ് വനം വകുപ്പ് നിലപാട് സ്വീകരിച്ചത്. ഭൂമി എസ്ചീറ്റ് നിയമപ്രകാരം സർക്കാരിലേക്ക് ഏറ്റെടുക്കാനുള്ള കേസ് കോടതിയിൽനടന്നു വരുന്നതിനിടയിൽ തിടുക്കത്തിൽ മരംമുറിക്കാനുള്ള നീക്കം അധികൃതർ തടയണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.