പാടം നിറഞ്ഞ് കള: മനംമടുത്ത് കർഷകർ
1245557
Sunday, December 4, 2022 12:50 AM IST
വെള്ളമുണ്ട: പാലിയാണയിലെ പാടശേഖരങ്ങളെ കള വിഴുങ്ങി. നെൽച്ചെടികൾ കതിരിടുന്നതു കാത്തിരുന്ന കർഷകരെ നിരാശരാക്കിയാണ് വയലുകളിൽ കള വ്യാപനം. പാടങ്ങളിൽ തഴച്ചുവളരുന്ന ഒരിനികം കള നെൽച്ചെടികളുടെ വളർച്ച മുരടിപ്പിക്കുകയാണ്. ഇക്കുറി നെൽ കൃഷിക്കു മുടക്കിയ പണവും അധ്വാനവും വൃഥാവിലായെന്ന വ്യാകുലതയിലാണ് കർഷകർ.
പാലിയാണയിലെ പഴയിടത്ത് പാനുക്കാരൻ ഷറഫുദ്ദീൻ, തേറുമ്മൽ ബാലകൃഷ്ണൻ, പുത്തൻവീട്ടിൽ ദാമോദരൻ, കുഞ്ഞികൃഷ്ണൻ, പുറവയൽ ശങ്കരൻ ഗുരുക്കൾ, എ. സച്ചിദാനന്ദൻ എന്നിവർ കൃഷിയിറക്കിയ പാടങ്ങൾ പൂർണമായും കള കീഴ്പ്പെടുത്തിയ നിലയിലാണ്.
ഇതിൽ ഷറഫൂദ്ദിനും ബാലകൃഷ്ണനും വയൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. കക്കടവ്, കരിങ്ങാരി പാടശേഖരങ്ങളിലും കള നിറഞ്ഞിട്ടുണ്ട്. പാലിയാണയിലും സമീപങ്ങളിലും വയലുകളിൽ ഇക്കുറി കീട-രോഗ ബാധ ഉണ്ടായിരുന്നു. ഇതു ഉത്പാദന നഷ്ടത്തിനു കാരണമാകുമെന്ന ചിന്ത കർഷകരെ അലട്ടുന്നതിനിടെയാണ് കള പടർന്നുപിടിച്ചത്.
കള വ്യാപനം മൂലം കൃഷി നശിച്ചവർക്കു ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നു പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിൽ പ്രീമിയം അടച്ചിട്ടും വിളനാശത്തിനു ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്ത കൃഷിക്കാർ നിരവധിയാണെന്നു സമിതി കുറ്റപ്പെടുത്തി.