കൃഷിയിടങ്ങളിലും ഡ്രോണ്‍; ശ്രദ്ധ നേടി പൊഴുതനയിലെ പ്രദർശനം
1247402
Saturday, December 10, 2022 12:09 AM IST
കൽപ്പറ്റ: കാർഷിക ജോലികൾ എളുപ്പമാക്കാൻ ഇനി പാടത്തും പറന്പിലും ഡ്രോണുകൾ പറക്കും. വളമിടലും മരുന്ന് തളിയുമടക്കമുള്ള കാർഷിക ജോലികൾ ചെയ്യുന്ന ആധുനിക ഡ്രോണുകളെ പരിചയപ്പെടുത്തി പൊഴുതനയിൽ കൃഷി എൻജിനിയറിംഗ് വിഭാഗത്തിന്റെ പ്രദർശനം നടന്നു.
എച്ച്എംഎൽ പ്ലാന്റേഷനിൽ നടന്ന പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അമൽ വിജയ്, കൃഷി അസിസ്റ്റന്റ് എൻജിനിയർ പി.ഡി. രാജേഷ്, വർക്ക് സൂപ്രണ്ട് എ. യൂനുസ് എന്നിവർ നേതൃത്വം നൽകി. ഡ്രോണിലൂടെ ഒരേ അളവിൽ വളവും കീടനാശിനിയും കൃഷിയിടത്തിൽ സ്പ്രേ ചെയ്യാനാകും.
കൃഷിയിടങ്ങളിൽ നിരീക്ഷണവും ഉറപ്പാക്കാം. കേന്ദ്ര സർക്കാറിന്റെ എസ്എംഎഎം പദ്ധതിയിൽ 10 ലക്ഷം രൂപ വരെ വിലയുള്ള ഡ്രോണുകളാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. അഞ്ചു ലക്ഷം രൂപ വരെ സബ്സിഡിയുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരത്തിനു ജില്ലാ കൃഷി എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായി ബന്ധപ്പെടണം.