ആരോഗ്യമേഖലയിൽ ജില്ലയിൽ കുതിച്ചുചാട്ടം: മന്ത്രി ഒ.ആർ. കേളു
1600356
Friday, October 17, 2025 5:37 AM IST
കൽപ്പറ്റ: ആരോഗ്യ മേഖലയിൽ ജില്ല പുരോഗതിയുടെ വഴിയിൽ കുതിച്ചുപായുകയാണെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു പ്രസ്താവനയിൽ പറഞ്ഞു.
ജില്ലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമായാണ് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജാക്കിയത്. ഇവിടേക്ക് 125 അധ്യാപക തസ്തികകളും 15 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ സർക്കാർ അനുവദിച്ചു. ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, നെഫ്രോളജി സൂപ്പർ സ്പെഷാലിറ്റി വകുപ്പുകളിലായി അസോസിയറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, സീനിയർ റസിഡന്റ് ഉൾപ്പെടെ 15 തസ്തികകളും അനുവദിച്ചു.
മാനന്തവാടിയിൽ നഴ്സിംഗ് കോളജ് അനുവദിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടമായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗവും കാത്ത് ലാബും പ്രവർത്തനമാരംഭിച്ചതും സൂപ്പർ സ്പെഷാലിറ്റി തസ്തികകൾ അനുവദിച്ചതും എടുത്തുപറയേണ്ടതാണ്. മെഡിക്കൽ കോളജിൽ 50 എംബിബിഎസ് സീറ്റിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചത് വികസന നേട്ടമാണ്.
മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യ വികസനത്തിന് എംഎൽഎഫണ്ടിൽനിന്നു ഒന്പത് വർഷത്തിനകം പത്ത് കോടി രൂപ ചെലവഴിച്ചു. നവകേരള സദസിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടി വിനിയോഗിച്ച് സിടി സ്കാനർ ഉൾപ്പെടെ ഉപകരണങ്ങൾ അടുത്തദിവസങ്ങളിൽ ആശുപത്രിയിൽ എത്തിക്കും.
പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഴശികുടീരം വരെ റോഡുകളും ആശുപത്രി ഇന്േറണൽ റോഡുകളും ആധുനിക രീതിയിൽ നവീകരിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.