പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്: ബസ്സ്റ്റാൻഡിൽ നിരാഹാര സത്യഗ്രഹവുമായി വീട്ടമ്മ
1600158
Thursday, October 16, 2025 5:37 AM IST
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിൽ വായ്പ വിതരണത്തിൽ നടന്ന ക്രമക്കേടുകൾ മൂലം കടക്കെണിയിലായ വീട്ടമ്മ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി.
കേളക്കവല പറന്പേക്കാട്ട് ഡാനിയേലിന്റെ ഭാര്യ സാറാക്കുട്ടിയാണ് ഇന്നലെ രാവിലെ സമരം ആരംഭിച്ചത്. ബാങ്കിൽ തന്റെയും ഭർത്താവിന്റെയും പേരിലുള്ള വായ്പ കുടിശിക എഴുതിത്തള്ളി പണയവസ്തുവിന്റെ പ്രമാണങ്ങൾ തിരികെ നൽകുക, എടുക്കാത്ത വായ്പയുടെ പേരിൽ അനുഭവിച്ച ശാരീരിക-മാനസിക പീഡനത്തിന് നഷ്ടപരിഹാരം അനുവദിക്കുക, വായ്പ വിതരണത്തിലെ ക്രമക്കേടുമൂലം കടക്കെണിയിലായ മുഴുവൻ കുടുംബങ്ങൾക്കും നീതി ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഭർത്താവ് ഡാനിയയേൽ, കടക്കെണിയിൽപ്പെട്ട് 2023ൽ ജീവനൊടുക്കിയ ചെന്പകമൂല കഴിക്കേ ഇളയിടത്ത് രാജേന്ദ്രൻ നായരുടെ കുടുംബം, വായ്പ ക്രമക്കേട് ഇര കേളക്കവല കരിന്തരക്കൽ സതി മോഹനൻ, പൊതുപ്രവർത്തകൻ പി.ആർ. അജയകുമാർ എന്നിവർ സമരത്തിനു പിന്തുണയുമായി രംഗത്തുണ്ട്.
പണയവസ്തുവിന്റെ പ്രമാണങ്ങൾ ആവശ്യപ്പെട്ട് ഡാനിയേൽ ദന്പതികളും രാജേന്ദ്രൻ നായരുടെ കുടുംബവും ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ ബാങ്കിനു മുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു.
പിന്നീട് സമരം ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ഏബ്രഹാമിന്റെ വീടിനു മുന്‍പിലേക്ക് മാറ്റി. എന്നിട്ടും പ്രശ്നപരിഹാരത്തിന് സാധ്യത തെളിയാത്ത സാഹചര്യത്തിലാണ് സാറാക്കുട്ടി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആവശ്യങ്ങൾ ഉത്തരവാദപ്പെട്ടവർ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് അവർ പറഞ്ഞു.