കായികമേളയിൽ കാട്ടിക്കുളം കുതിപ്പ് തുടരുന്നു
1599899
Wednesday, October 15, 2025 5:43 AM IST
സുൽത്താൻ ബത്തേരി ഉപജില്ല മുന്നിൽ
കൽപ്പറ്റ: ജില്ലാ സ്കൂൾ കായികമേളയിൽ രണ്ടാംദിനവും കാട്ടിക്കുളത്തിന്റെ കുതിപ്പ് തുടരുന്നു. 75 പോയിന്റുമായാണ് കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 67 പോയന്റുമായി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനത്താണ്.
ഉപജില്ലാതലത്തിൽ സുൽത്താൻ ബത്തേരിയാണ് മാനന്തവാടിയെ പിന്തള്ളി മുന്നേറുന്നത്.
24 സ്വർണം, 21 വെള്ളി, 20 വെങ്കലവുമായി 229 പോയിന്റ് നേടിയാണ് സുൽത്താൻ ബത്തേരി ഉപജില്ല കുതിക്കുന്നത്. 20 സ്വർണം, 17 വെള്ളി, 18 വെങ്കലം എന്നിങ്ങനെ 187 പോയിന്റുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തുമുണ്ട്. മൂന്നാം സ്ഥാനത്തുള്ള വൈത്തിരി ഉപജില്ല ഒന്പത് സ്വർണവും 16 വെള്ളിയും 17 വെങ്കലവുമായി 119 പോയിന്റാണ് നേടിയത്. മേളയുടെ അവസാന ദിനമായ ഇന്നുകൂടി മുന്നേറ്റം തുടർന്നാൽ സുൽത്താൻ ബത്തേരിക്ക് കിരീടം നിലനിർത്താനാകും.
നാലു സ്വർണവും ഏഴ് വെള്ളിയും രണ്ടു വെങ്കലവുമായി 43 പോയിന്റുള്ള ആനപ്പാറ ജിഎച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്. കൽപ്പറ്റ ജിഎംആർഎസ് (32), കാക്കവയൽ ജിഎച്ച്എസ്എസ് (29), നടവയൽ സെന്റ് തോമസ് എച്ച്എസ് (25), മാനന്തവാടി ജിവിഎച്ച്എസ്എസ് (19), തൃശിലേരി ജിഎച്ച്എസ്എസ് (11), വാരാന്പറ്റ ജിഎച്ച്എസ്എസ് (10), തരിയോട് ജിഎച്ച്എസ്എസ് (10) തുടങ്ങിയ സ്കൂളുകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. 200, 800 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, റിലേ മത്സരങ്ങളും ഇന്നു നടക്കും. മേള ഇന്ന് വൈകുന്നേരം സമാപിക്കും. ടി. സിദ്ധിഖ് എംഎൽഎ ട്രോഫി വിതരണം ചെയ്യും.
പ്രതിഷേധവുമായി കായികാധ്യാപകർ
കൽപ്പറ്റ: ജില്ലാ സ്കൂൾ കായികമേളയ്ക്കിടെ കായികാധ്യാപകരുടെ പ്രതിഷേധം. സംസ്ഥാന സംയുക്ത കായിക അധ്യാപക സംഘടനയുടെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ പ്രതിഷേധിച്ചത്.
വർഷങ്ങളായി തുടരുന്ന അവഗണനയ്ക്കെതിരേയാണ് കായികമേളയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം അധ്യാപകർ പ്രതിഷേധവുമായെത്തിയത്. അധ്യാപക തസ്തിക നിർണയമാനദണ്ഡം പരിഷ്കരിക്കാൻ നടപടി വേണമെന്നതായിരുന്നു പ്രധാനആവശ്യം. 65 വർഷങ്ങൾക്ക് മുൻപുള്ള കായികാധ്യാപക തസ്തിക നിർണയമാനദണ്ഡമാണ് നിലവിലുള്ളത്.
യുപി സ്കൂളിൽ 500 വിദ്യാർഥികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയ്ക്കാണ് തസ്തിക. 499 കുട്ടികളാണെങ്കിൽ പോലും തസ്തിക ഇല്ലാതാകും. ഇതോടെ ആ സ്കൂളിലെ കായിക അധ്യാപകനെ ഒഴിവാക്കും. കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനുള്ള സാഹചര്യം കൂടി ഇതോടെ ഇല്ലാതാകും. ഇത്തരം വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. ജില്ലാ പ്രസിഡന്റ് വി. റഫീഖ്, ട്രഷറർ അതുൽ ഹരിദാസ്, സംസ്ഥാന നോമിനി പ്രശോഭ് തുടങ്ങിയവർ നേതൃത്വം നൽകി.
മത്സരം മഴ തടസപ്പെടുത്തി
കൽപ്പറ്റ: കായിക മേളയുടെ രണ്ടാംദിനം ഉച്ചയ്ക്ക് ശേഷം പെയ്ത മഴ മത്സരങ്ങൾ തടസപ്പെടുത്തി. മഴ കാരണം അര മണിക്കൂർ മത്സരം നിർത്തിവച്ചു. പിന്നീട് പുനഃരാരംഭിച്ചെങ്കിലും ഇടവിട്ട് മഴ പെയ്തതോടെ വീണ്ടും മത്സങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നു. മഴയ്ക്ക് ശമനം കണ്ടതോടെ വീണ്ടും മത്സരം തുടരുകയായിരുന്നു.
മഴ കാരണം മുടങ്ങിയ സീനിയർ ബോയ്സ് ജൂണിയർ ബോയ്സ്, ഡിസ്ക്കസ് ത്രോ മൽസരങ്ങൾ രാവിലെ 10.15ന് നടക്കും. പോൾ വോൾട്ട് ജൂണിയർ ബോയ്സ് ആൻഡ് സീനിയർ ബോയ്സ്, സീനിയർ ഗേൾസ് ഷോട്ട്പുട്ട് മത്സരവും രാവിലെ 10ന് നടക്കും.
കിടപ്പിലായ അച്ഛന് വേണ്ടി ഓടിയ ഹരിശ്രീയയ്ക്ക് 1500 മീറ്റർ ഓട്ടത്തിൽ സ്വർണവും 3000 മീറ്ററിൽ വെങ്കലവും
കൽപ്പറ്റ: 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേട്ടം കൊയ്ത ഹരിശ്രീയയ്ക്ക് 3000 മീറ്റർ ഓട്ടത്തിൽ പരിക്ക് വില്ലനായി. നട്ടെല്ല് തകർന്ന് കിടക്കുന്ന അച്ഛന് വേണ്ടിയാണ് ഓടുന്നതെന്നാണ് ഹരിശ്രീയ പറഞ്ഞത്. 3000 മീറ്റർ സീനിയർ പെണ്കുട്ടികളുടെ വിഭാഗം ഓട്ടത്തിൽ കാലിന് പരിക്ക് പറ്റിയതോടെയാണ് ഹരിശ്രീയ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടത്.
ആദ്യ ലാപ്പിൽ ഏറെ മുന്നിലായിരുന്ന ഹരിശ്രിയയ്ക്ക് കൂടെ ഓടിയ അത്ലെറ്റിന്റെ കാല് തട്ടിയാണ് പരിക്ക് പറ്റിയത്. കാലിന്റെ ലിഗമെന്റിന് ഏറ്റ പരിക്കുമായി ഓടുന്നതിനിടെയാണ് വീണ്ടും പരിക്ക് പറ്റിയത്. വേദന കടിച്ചമർത്തി ഓടി തന്റെ പിതാവിനുവേണ്ടി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഈ മിടുക്കി.
ജാവലിൻ ത്രോയിൽ ഈ വർഷവും സ്വർണം ആൽവിൻ സജിക്ക്
കൽപ്പറ്റ: ജാവലിൻ ത്രോയിൽ ആൽവിൻ സജി ഇത്തവണയും സ്വർണവുമായാണ് മടങ്ങുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആണ്കുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണം എറിഞ്ഞുവീഴ്ത്തിയ ആൽവിൻ ഇത്തവണയും സ്വർണ നേട്ടം ആവർത്തിച്ച് സംസ്ഥാനതലത്തിൽ മത്സരിക്കും.
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ ജാവലിൻ 53 മീറ്റർ എറിഞ്ഞാണ് ആൽബിൻ സ്വർണം നേടിയത്. ഇത്തവണ ജില്ലാ മീറ്റിൽ 46 മീറ്റർ മാത്രമാണ് ആൽവിൻ ജാവലിൻ എറിഞ്ഞത്. ആൽപിൻ 110 മീറ്റർ ഹഡിൽസിലും ഒന്നാം സ്ഥാനം നേടി. കെ.വി. സജിയാണ് പരിശീലകൻ.