ക്ഷേമ പദ്ധതികളിൽ ബോധവത്കരണത്തിന് ക്യാന്പ്
1599111
Sunday, October 12, 2025 5:39 AM IST
സുൽത്താൻ ബത്തേരി: ക്ഷേമ പദ്ധതികളിൽ ബോധവത്കരണത്തിന് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അഞ്ച് ദിവസത്തെ ക്യാന്പ് നടത്തുന്നു. ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ലീഡ് ബാങ്ക്, ഐസിഡിഎസ്, എൻസിസി, എൻഎസ്എസ്, ഐടിഡിപി എന്നിവയുമായി സഹകരിച്ചു നടത്തുന്ന ക്യാന്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് എടത്തറ ഓഡിറ്റോറിയത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
ക്ലാസുകൾ, ചിത്ര പ്രദർശനം, ക്വിസ് മത്സരം കലാപരിപാടികൾ തുടങ്ങിയവ ക്യാന്പിന്റെ ഭാഗമാണെന്ന് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് ദിവസവും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണയം നടത്തും.
പൊതുജനങ്ങൾക്ക് ആധാർ പുതുക്കുന്നതിന് നാളെയും 15നും സൗകര്യം ഉണ്ടാകും. നാളെ വിദ്യാർഥികൾക്ക് പ്രതിരോധസേനകളിലെ തൊഴിലവസരങ്ങളിൽ ക്ലാസ് നൽകും. കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിലെ അസിസ്റ്റന്റ് റിക്രൂട്ടിംഗ് ഓഫീസർ സുബേദാർ മേജർ സഞ്ജീവ് സുബ്ബ ക്ലാസ് നയിക്കും. അടിയന്തര ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ 17ന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ക്ലാസ് നടക്കും.
അങ്കണവാടി പ്രവർത്തകർക്ക് ശിൽപ്പശാല നടത്തും. സാമൂഹികസുരക്ഷാ പദ്ധതികൾ, സ്വയം തൊഴിൽ പദ്ധതികൾ, പോസ്റ്റ് ഓഫീസ് വഴി ലഭ്യമാകുന്ന സേവനങ്ങൾ, സൈബർ ക്രൈം, സ്ത്രീ സുരക്ഷ, ശുചിത്വം, ലഹരി തുടങ്ങിയ വിഷയങ്ങളിലും ക്ലാസ് ഉണ്ടാകും. വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ ക്യാന്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദിവസവും കലാപരിപാടികൾ അരങ്ങേറും. 17നാണ് ക്യാന്പ് സമാപനം. പ്രവേശനം സൗജന്യം.