ഹോട്ടൽ പരിശോധനയും ഭക്ഷണവസ്തുക്കൾ പിടിച്ചെടുക്കുന്നതും അശാസ്ത്രീയമെന്ന്
1598848
Saturday, October 11, 2025 5:42 AM IST
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം ബത്തേരി ടൗണിലെ വിവിധ ഹോട്ടലുകൾ, മെസ്, കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി ഭക്ഷണ വസ്തുക്കൾ ഉപയോഗയോഗ്യമല്ലെന്ന് പറഞ്ഞ് പിടിച്ചെടുത്തത് അശാസ്ത്രീയമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആരോപിച്ചു.
ഈ നടപടിക്കെതിരേ സംഘടനയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഭരണസമിതി, മുനിസിപ്പൽ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ നേരിൽകണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. ഇന്നലെ രാവിലെയോടെയാണ് പ്രതിഷേധവുമായി അധികൃതർ നഗരസഭയിലെത്തിയത്.
നഗരസഭ ചെയർമാനുമായി അടത്തുദിവസം പ്രശ്നം ചർച്ചചെയ്യാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞദിവസം ടൗണിലെ പതിനഞ്ച് സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണ വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതിനെതിരേയാണ് അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധ പരിപാടിക്ക് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ജില്ലാ പ്രസിഡന്റ് അസ്ലം ബാവ, ജില്ലാ സെക്രട്ടറി യു. സുബൈർ, വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് ഭാരവാഹികളായ മത്തായി കുഞ്ഞ്,
യൂനുസ് ബത്തേരി, ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളായ ഗഫൂർ സാഗർ, മുജീബ് ചുണ്ട, ഉണ്ണികൃഷ്ണൻ മാതാ, ഷിഹാബ് മേപ്പാടി, ഉമ്മർ പാരഡൈസ്, പോക്കു ന്യൂ ഫോം, റഷീദ് ബാംബു, മജീദ് ഇക്കായീസ് എന്നിവർ നേതൃത്വം നൽകി.