മലയണ്ണാനെ കൊന്നുവെന്ന കേസിൽ അറസ്റ്റ് ചെയ്ത കർഷകരെ വിട്ടയയ്ക്കണം: ആം ആദ്മി പാർട്ടി
1599379
Monday, October 13, 2025 6:21 AM IST
പുൽപ്പള്ളി: അമരക്കുനിയിൽ വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ച മലയണ്ണാനെ എയർ ഗണ്‍ ഉപയോഗിച്ച് വെടിവച്ച മൂന്ന് കർഷകരെ അറസ്റ്റ് ചെയ്ത വനം വകുപ്പിന്റെ നടപടി തികച്ചും കിരാതവും നിന്ദ്യവുമാണെന്ന് ആം ആദ്മി ബത്തേരി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
അണ്ണാൻ, മയിൽ, കുരങ്ങ്, പന്നി, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം കാരണം പലരും കൃഷി തന്നെ ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ ഒരു മലയണ്ണാനെ എയർ ഗണ്‍ ഉപയോഗിച്ച് വെടിവച്ചു എന്നുള്ള കാര്യത്തിന് അറസ്റ്റ് ചെയ്യുകയും കൊടുംകുറ്റവാളികൾ എന്ന നിലയിൽ ഫോട്ടോ എടുത്ത് മാധ്യമങ്ങളിൽ ഇടുകയും ചെയ്ത നടപടി തികച്ചും അപലനീയമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
വന്യമൃഗങ്ങളെ നാട്ടിൽ ഇറങ്ങാതെ കാട്ടിൽ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം വനംവകുപ്പിനാണ്. അതുകൊണ്ട് അറസ്റ്റ് ചെയ്ത പാവപ്പെട്ട കർഷകരെ വനം മന്ത്രി ഇടപെട്ട് ഉടനെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കർഷകരുടെ കൂടെ പ്രക്ഷോഭരംഗത്ത് ആം ആദ്മി പാർട്ടിയും ഉണ്ടാകുമെന്ന് കമ്മിറ്റി ഉറപ്പ് നൽകി. ഈ കാര്യത്തിൽ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും മൗനം വെടിഞ്ഞ് പ്രതിഷേധവുമായി രംഗത്ത് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബേബി തയ്യിൽ അധ്യക്ഷത വഹിച്ചു. പോൾസണ്‍ അന്പലവയൽ, കെ.സി. വർഗീസ്, തോമസ് ഒറ്റക്കുന്നേൽ, കെ.പി. ജേക്കബ്, കെ.സി. സണ്ണി എന്നിവർ പ്രസംഗിച്ചു.