പൂതിക്കാട് റിസോർട്ടിലെ സംഘർഷം: സിപിഎം നേതാവടക്കം മൂന്ന് പേർക്കെതിരേ ലുക്കൗട്ട് നോട്ടീസ്
1599105
Sunday, October 12, 2025 5:34 AM IST
സുൽത്താൻബത്തേരി: കഴിഞ്ഞമാസം 22ന് രാത്രി പൂതിക്കാട് റിസോർട്ടിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള മൂന്നു പേർക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബീനാച്ചി സ്വദേശിയും സിപിഎംലോക്കൽ മുൻ സെക്രട്ടറിയുമായ കോച്ചേരിയിൽ നിധിൻ, കേളോത്ത് അനൂജ്, പാങ്ങാട്ട് ശരത് രാജ് എന്നിവർക്കെതിരേയാണ് നോട്ടീസ്.
സംഘർഷവുമായി ബന്ധപ്പെട്ട് റിസോർട്ട് ജീവനക്കാരന്റെയും സുഹൃത്തിന്റെയും പരാതിയിൽ അഞ്ചു പേർക്കെതിരേ കേസെടുത്ത പോലീസ് നാലു പേരെ അറസ്റ്റുചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലായി.
ഇവരുടെ ബന്ധുക്കൾ നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഒളിവിൽ പോയത്.
സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്കേറ്റിരുന്നു. ആദ്യ കേസിൽ പ്രതികളെ വൈകാതെ പിടികൂടിയ പോലീസ് എതിർവിഭാഗത്തിന്റെ കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോണ്ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു.
ഇതിനു മറുപടിയുമായി സിപിഎം രംഗത്തുവരികയുണ്ടായി.