ദേശീയ അംഗീകാര നിറവിൽ ജില്ല
1598419
Friday, October 10, 2025 4:28 AM IST
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സുരക്ഷ ക്യാന്പയിന് നീതി ആയോഗ് പുരസ്കാരം
കൽപ്പറ്റ: ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ സുരക്ഷ കാന്പയിന് നീതി ആയോഗിന്റെ ദേശീയ അംഗീകാരം. രാജ്യത്തെ ആസ്പിരേഷൻ ജില്ലകളിൽ വിവിധ മേഖലകളിൽ നടപ്പാക്കിയ മാതൃകാപദ്ധതികളിൽ സാന്പത്തിക ഉൾചേരലും നൈപുണ്യ വികസനവും ഉൾപ്പെട്ട മേഖലയിലാണ് വയനാട്ടിലെ സുരക്ഷ കാന്പയിന് ദേശീയ തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചത്.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുമുള്ള കുടുംബങ്ങളെ ദേശീയ സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2022ൽ സുരക്ഷ കാന്പയിൻ ആരംഭിച്ചത്. പദ്ധതിയിലൂടെ പിഎംഎസ്ബിവൈ (പ്രധാൻ മന്ത്രി സുരക്ഷ ബിമ യോജന), പിഎംജെജെബിവൈ (പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബിമ യോജന), അടൽ പെൻഷൻ യോജന എന്നിവയുൾപ്പെടെയുള്ള ദേശീയ സാമൂഹിക സുരക്ഷാ പദ്ധതികളിൽ കുടുംബങ്ങളെ ചേർത്തതിലൂടെ, സാന്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ ജില്ല വിജയിച്ചു.
രാജ്യത്തുതന്നെ ഈ രംഗത്ത് സന്പൂർണ്ണ നേട്ടം വൈകവരിച്ച ആദ്യത്തെ വാർഡായി തരിയോട് പഞ്ചായത്തിലെ ചെന്നലോട് വാർഡ് തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജില്ലാ ഭരണകൂടം, ജില്ലാ ആസൂത്രണ സമിതി, നബാർഡ്, റിസർവ് ബാങ്ക്, ലീഡ് ബാങ്ക്, മറ്റു ബാങ്കുകൾ തുടങ്ങിയ
വിവിധ മേഖലകളിൽ നിന്നുള്ള സഹകരണത്തോടെയാണ് മികച്ച നേട്ടം ജില്ല കൈവരിച്ചത്.
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യപോഷകാഹാര രംഗത്തും ജില്ലയിൽ നടപ്പാക്കിയ മാതൃക പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നീതി ആയോഗിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് നീതി ആയോഗിന്റെ പ്രത്യേക പരാമർശത്തിനും അംഗീകാരത്തിനും ജില്ലയെ അർഹമായത്.