ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര നിലപാട് : കൽപ്പറ്റയിൽ കിസാൻസഭ സായാഹ്ന ധർണ 15ന്
1599370
Monday, October 13, 2025 6:21 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളനാകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടിൽ അഖിലേന്ത്യ കിസാൻസഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി ദുരന്തത്തിന്റെ ആഴം മനസിലാക്കിയതാണ്.
രാജ്യത്തെ വൻകിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ വായ്പ കുടിശിക എഴുതിത്തള്ളുന്ന പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ അവസ്ഥ ഉൾക്കൊള്ളാൻ കഴിയാത്തത് ദുരൂഹമാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന ആവശ്യവുമായി 15ന് കൽപ്പറ്റയിൽ സായാഹ്ന ധർണ നടത്താൻ തീരുമാനിച്ചു.
പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാർ, സെക്രട്ടറി കെ.എം. ദിനകരൻ, ട്രഷറർ ഷൈജൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, പി.കെ. മൂർത്തി, വി.കെ. ശശിധരൻ, ദിനേശൻ, കെ.എം. ബാബു, കെ.പി. രാജൻ എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ഉരുൾ ദുരന്തത്തിൽ, സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന ഹൈക്കോടതി വിമർശനം കേന്ദ്ര ഭരണകൂടം പൗരൻമാരോട് കാണിക്കുന്ന നീതികേടിന്റെ നേർക്കാഴ്ചയാണെന്നു എസ്ഡിപിഐ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കണ്ണീരിനുമുകളിൽ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്ക് അർഹമായ സഹായം നിഷേധിക്കുന്നതിലൂടെ ഭരണകൂടം പൗരൻമാരോടുള്ള അടിസ്ഥാന ഉത്തരവാദിത്തത്വിൽനിന്ന് ഒളിച്ചോടുകയാണ്.
പ്രളയ-ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾക്കുള്ള ഫണ്ട് വിതരണത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. രാജ്യത്തെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി തരംതിരിച്ചുള്ള സമീപനമാണ് കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്നത്. രാഷ്ട്രീയനേട്ടത്തിന് ദൂരന്തങ്ങളും ദുരിതങ്ങളും മാനദണ്ഡമാക്കരുത്. ഉദ്യോഗസ്ഥരുടെ പിടിവാശിയും മെല്ലെപ്പോക്കും ഇരകൾക്ക് നീതി ലഭിക്കുന്നതിന് തടസമാവുന്നുണ്ട്. കേന്ദ്ര താത്പര്യത്തോട് സമരസപ്പെട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരെ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിൽനിന്നും അകറ്റി നിർത്തണം.
ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. പുഞ്ചിരിമട്ടം ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ഹെെക്കോടതി പരാമർശം താക്കീതായി കണ്ട് ത്വരിത നടപടികൾ സ്വീകരിക്കണം. പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തി പരിസ്ഥിതി സൗഹൃദ പരിഹാരം കണ്ടെത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സൽമ അഷ്റഫ്, ബബിത ശ്രീനു, എസ്. മുനീർ, ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദിഖ്, കെ. മെഹറൂഫ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ഉരുൾദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് സിപിഐ(എംഎൽ)റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി വിമർശിച്ചു.
കേന്ദ്ര നിലപാടിനെ ബിജെപി സംസ്ഥാന നേതൃത്വം വെള്ളപൂശുന്നത് പരിഹാസ്യമാണ്. കേന്ദ്ര സർക്കാർ കേരളത്തോട് രാഷ്ര്ടീയ പകപോക്കൽ നടത്തുകയാണ്. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങളിൽ നടത്തിയ സന്ദർശനം പ്രഹസനമാണ്. വൻകിട മുതലാളിമാരുടെയും കോർപറേറ്റുകളുടെയും കോടിക്കണക്കിന് രൂപയുടെ കടം നിരുപാധികം എഴുതിത്തള്ളിയ മോദി ഭരണകൂടം പുഞ്ചിരിമട്ടം ദുരന്തബാധിതർക്ക് നീതി നിഷേധിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പുഞ്ചിരിമട്ടം ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, മുഴുവൻ ദുരന്തബാധിതരെയും പരിസ്ഥിതിലോല മേഖലകളിൽ അപകട ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെയും ഭൂമിയും പാർപ്പിടവും നൽകി സുരക്ഷിത സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കുക, തോട്ടം മാനേജ്മെന്റുകളുടെ അനധികൃത കൈവശഭൂമി നിയമനിർമാണത്തിലൂടെ പിടിച്ചെടുക്കുക, പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ക്വാറികളും റിസോർട്ടുകളും അടച്ചുപൂട്ടുക, തുരങ്കപാത പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചു.
പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോണ്സണ് എന്നിവർ പ്രസംഗിച്ചു.