രണ്ടു കുടുംബങ്ങൾക്ക് കൈത്താങ്ങായി ജയശ്രീ സ്കൂൾ വിദ്യാർഥികൾ
1599377
Monday, October 13, 2025 6:21 AM IST
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ ഉപജീവനം, പ്രഭ പദ്ധതികളിലൂടെ രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമേകി ജയശ്രീ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികൾ.
എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിലെ കലോത്സവം, കായികമേള ദിനങ്ങളിൽ കുട്ടിക്കട നടത്തിയും പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി ധനസമാഹരണം ചെയ്തും കിട്ടിയ വരുമാനത്തിൽ നിന്നാണ് രണ്ട് കുടുംബങ്ങൾക്ക് സഹായം നൽകിയത്. സ്കൂളിലെ ഒരു വിദ്യാർഥിയുടെ കുടുംബത്തിന് ഉപജീവനമായി തയ്യൽ മെഷീനും പുൽപ്പള്ളി പഞ്ചായത്തിലെ 13-ാം വാർഡിൽ താമസിക്കുന്ന അംഗപരിമിതനായ കുട്ടിക്ക് വീൽചെയർ നൽകിയുമാണ് വിദ്യാർഥികൾ മാതൃക കാട്ടിയത്.
എൻഎസ്എസ് കോഓർഡിനേറ്റർ സിത്താര ജോസഫ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപകരായ ബിജോയ്, സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ കാരുണ്യ പ്രവർത്തനം നടത്തിയത്. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉപജീവനം, പ്രഭ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് അംഗം സിന്ധു സാബു അധ്യക്ഷത വഹിച്ചു. മാനേജർ കെ.ആർ. ജയറാം, പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി കെ.കെ. രഘുലാൽ, സി.ആർ. പ്രദീപ്, എം.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.