പ്രവൃത്തി തുടങ്ങിയത് 3 വർഷം മുമ്പ് ; നിർമാണം പൂർത്തിയാവാതെ 2 കി.മീ റോഡ്
1599104
Sunday, October 12, 2025 5:34 AM IST
സുൽത്താൻ ബത്തേരി: പ്രവൃത്തി തുടങ്ങി മൂന്നു വർഷം കഴിഞ്ഞിട്ടും രണ്ട് കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയായില്ല. ബത്തേരി-ബാനാച്ചി-പനമരം റോഡിലെ സിസിയിൽനിന്നു വാകേരിയിലേക്കുള്ള റോഡ് പ്രവൃത്തിയാണ് പൂർത്തിയാകാത്തത്. ഇത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് കാരാറുകാരനെ മാറ്റിയിരുന്നു. റീ ടെൻഡർ നടത്തിയാലേ പ്രവൃത്തി നടക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
2022ലാണ് എട്ട് കോടി രൂപ ചെലവിൽ റോഡും പാലക്കുറ്റിയിൽ പാലവും നിർമിക്കാൻ ടെൻഡർ വിളിച്ചത്. കാസർഗോഡ് സ്വദേശിയാണ് പ്രവൃത്തി ഏറ്റെടുത്തത്. പാലക്കുറ്റിയിൽ പാലം പണി കരാറുകാരൻ പൂർത്തിയാക്കി. എന്നാൽ റോഡ് പ്രവൃത്തി തുടങ്ങിയില്ല. റോഡുപണി അനന്തമായി നീണ്ടതോടെ ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ഇതിനിടെ നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും ദൗർലഭ്യതയും പ്രതികൂല കാലാവസ്ഥയും പ്രവൃത്തിക്കു തടസമായി.
നിർമാണത്തിനു റോഡിന്റെ പലഭാഗങ്ങളും പൊളിച്ചത് യാത്രക്കാർക്ക് ദുരിതമായി. ജനപ്രതിനിധികൾ അടക്കം ഇടപെട്ടതിനെത്തുടർന്നാണ് കരാറുകാരനെ മാറ്റാനും പുതിയ ആളെ നിയോഗിച്ച് പ്രവൃത്തി നടത്താനും തീരുമാനമായത്. റോഡ് സഞ്ചാരയോഗ്യമാകുന്നതിന് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥതിയിലാണ് സിസി, വാകേരി മേഖലയിലെ ജനം. ടെൻഡർ നടപടികൾ വേഗം പൂർത്തിയാക്കി പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണണമെന്നാണ് അവരുടെ ആവശ്യം.