പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് : കടക്കെണിയിലായ വീട്ടമ്മ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നു
1599895
Wednesday, October 15, 2025 5:43 AM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളിൽ ചിലരും ഉദ്യോഗസ്ഥരിൽ ഒരു വിഭാഗവും വായ്പ വിതരണത്തിൽ നടത്തിയ ക്രമേക്കടുമൂലം കടക്കെണിയിലായെന്നു അവകാശപ്പെടുന്ന വീട്ടമ്മ പുൽപ്പള്ളി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ ഇന്നു മുതൽ അനിശ്ചിതകാല രാപകൽ നിരാഹാര സത്യഗ്രഹം തുടങ്ങുന്നു.
കേളക്കവല പറന്പേക്കാട്ടിൽ ഡാനിയേലിന്റെ ഭാര്യ സാറാക്കുട്ടിയാണ് സമരം ആരംഭിക്കുന്നത്. തന്റെയും ഭർത്താവ് ഡാനിയേലിന്റെയും പേരിൽ കുടിശികയുണ്ടെന്നു ബാങ്ക് പറയുന്ന 75 ലക്ഷം രൂപ എഴുതിത്തള്ളി ഭൂമിയുടെ പ്രമാണങ്ങൾ തിരികെ നൽകുക, എടുക്കാത്ത വായ്പയുടെ പേരിൽ അനുഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുക, വായ്പ വിതരണത്തിലെ ക്രമക്കേട് മൂലം കടത്തിൽ മുങ്ങിയ മുഴുവൻ ആളുകൾക്കും നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സാറാക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ഏബ്രഹാമിന്റെ പുൽപ്പള്ളി ചുണ്ടക്കൊല്ലിയിലെ വസതിക്കുമുന്പിൽ താനും ഭർത്താവും കടക്കെണിയിൽ അകപ്പെട്ട് 2023ൽ ജീവനൊടുക്കിയ ചെന്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രൻ നായരുടെ കുടുംബവും 13ന് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഇന്നലെ അവസാനിപ്പിച്ചതായി അവർ അറിയിച്ചു.
രാജേന്ദ്രൻ നായരുടെ ഭാര്യ ജലജ, കടക്കെണിയിലുള്ള കേളക്കവല കരിന്തരക്കൽ സതി മോഹനൻ, മകൻ അക്ഷയ്, കഴിഞ്ഞദിവസം പിരിച്ചുവിട്ട ജനകീയ സമരസമിതി കണ്‍വീനർ പി.ആർ. അജയകുമാർ എന്നിവർക്കൊപ്പമായിരുന്നു സാറാക്കുട്ടിയുടെ വാർത്താസമ്മേളനം.
സഹകരണ വകുപ്പ് പുറപ്പെടുവിച്ച സർചാർജ് ഉത്തരവ് നടപ്പാക്കി വായ്പ ക്രമക്കേട് ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ജനകീയസമിതിയുടെ നേതൃത്വത്തിൽ 2022 മേയ് 13 മുതൽ 2023 മേയ് 10 വരെ സമരം നടത്തിയിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബർ മൂന്നു മുതൽ എട്ട് വരെ ബാങ്കിനു മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചത്.
ബാങ്കിന്റെ സുഗമമായ നടത്തിപ്പിനു തടസമാകുന്ന സാഹചര്യത്തിലാണ് സമരം മുൻ പ്രസിഡന്റിന്റെ വീടിനു മുന്‍പിലേക്ക് മാറ്റിയത്. താൻ ഇന്ന് രാപകൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുന്നതിനാലാണ് മുൻ പ്രസിഡന്റിന്റെ വസതിക്കുമുന്പിലെ സമരം നിർത്തിയത്.
വീട് വാസയോഗ്യമാക്കുന്നതിന് രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് 2018ലാണ് താനും ഭർത്താവും ബാങ്കിനെ സമീപിച്ചത്. വായ്പ അനുവദിക്കാമെന്നും പരിചയത്തിലുള്ള കരാറുകാരൻ മുഖേന വീടുപണി നടത്താമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. തന്റെ പേരിലുള്ള 28.4 ഉം ഭർത്താവിന്റെ പേരിലുള്ള 33 ഉം സെന്റ് ഭൂമിയാണ് വായ്പയ്ക്ക് പണയപ്പെടുത്തിയത്. ബാങ്ക് അനുവദിച്ച വായ്പയിൽ ഒരു രൂപപോലും പണമായി ലഭിച്ചില്ല. എന്നാൽ തനിക്ക് 20 ഉം ഭർത്താവിന് 16 ഉം ലക്ഷം രൂപ വായ്പ അനുവദിച്ചതായാണ് ബാങ്ക് രേഖകളിലുള്ളത്.
ഇത്തരത്തിൽ തട്ടിപ്പ് നടന്നത് വളരെ വൈകിയാണ് അറിഞ്ഞത്. ബാങ്ക് രേഖകൾ പ്രകാരം 75 ലക്ഷത്തിൽപരം രൂപയാണ് തന്റെയും ഭർത്താവിന്റെയും നിലവിലെ ബാധ്യതയെന്ന് സാറാക്കുട്ടി പറഞ്ഞു. നീതി ലഭിക്കുന്നതുവരെ, അല്ലെങ്കിൽ മരണം വരെ സമരം തുടരാനാണ് തീരുമാനമെന്ന് അവർ വ്യക്തമാക്കി.
രാജേന്ദ്രൻ നായരുടെ പേരിൽ 55.6 ലക്ഷം രൂപയാണ് ബാങ്കിൽ കുടിശികയെന്ന് ഭാര്യ ജലജ പറഞ്ഞു. 71 സെന്റ് ഭൂമി പണയം നൽകി 2017ൽ 70,000 രൂപയാണ് വായ്പയെടുത്തത്. എന്നാൽ 25 ലക്ഷം രൂപ വായ്പ അനുവദിച്ചെന്നാണ് ബാങ്ക് രേഖകളിൽ. ബാങ്ക് ഭരണസമിതിയും ഉദ്യോഗസ്ഥരും നടത്തിയ വഞ്ചനമൂലം രണ്ട് മരണമാണ് കുടുംബത്തിൽ ഉണ്ടായത്.
രാജേന്ദ്രൻ നായർക്ക് ബാങ്കിൽ ലക്ഷക്കണക്കിനു രൂപ കുടിശികയുണ്ടെന്നു ഉദ്യോഗസ്ഥർ വീട്ടിലെത്തി അറിയിച്ചപ്പോൾ കുഴഞ്ഞുവീണ ഭർതൃമാതാവ് ദിവസങ്ങൾക്കുള്ളിൽ മരിച്ചു. ഭാരിച്ച കടത്തെച്ചൊല്ലിയുള്ള വ്യാകുലതയാണ് ഭർത്താവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. താനും കുടുംബവും പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ജലജ പറഞ്ഞു.
ബാങ്ക് ഭരണസമിതിയിൽ ഉണ്ടായിരുന്നവരും ഉദ്യോഗസ്ഥരും നടത്തിയ ക്രമക്കേടാണ് തന്നെയും കുടുംബത്തെയും കടക്കെണിയിലാക്കിയതെന്നു സതി മോഹനൻ പറഞ്ഞു. 2017ൽ 15 സെന്റ് സ്ഥലം പണയപ്പെടുത്തി ഒരു ലക്ഷം രൂപയാണ് വായ്പയെടുത്തത്. എന്നാൽ അഞ്ച് ലക്ഷം രൂപ വായ്പ അനുവദിച്ചതാണ് ബാങ്ക് രേഖകളിലെന്നു സതി പറഞ്ഞു.
ഇരകളുടേത് സ്പോണ്‍സേർഡ് സമരമെന്നു ബാങ്ക് മുൻ ഭരണസമിതിയിൽ ഉണ്ടായിരുന്ന ചിലരുടെ പിണിയാളുകൾ ആക്ഷേപിക്കുന്നത് പരിഹാസ്യമാണെന്ന് പി.ആർ. അജയകുമാർ പറഞ്ഞു. വായ്പ വിതരണത്തിൽ 38 കേസുകളിലാണ് സഹകരണ വകുപ്പും വിജിലൻസും ക്രമക്കേട് കണ്ടെത്തിയത്.
തട്ടിപ്പ് ഇരകളെന്ന് രേഖകളിൽ പറയുന്നതിൽ ഏഴോ എട്ടോ പേർ മാത്രമാണ് യഥാർഥ ഇരകൾ. ക്രമക്കേടിൽ പങ്കുള്ളവരാണ് മറ്റുള്ളവർ. ബാങ്കിൽ 2015 മുതൽ വായ്പ വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ഇത് സമഗ്രാന്വേഷണത്തിനു വിധേയമാക്കിയാൽ 20 കോടി രൂപയിൽ കുറയാത്ത അഴിമതി മറനീക്കും. ഇരകൾക്ക് നീതി വൈകുന്നത് നീതി നിഷേധമാണെന്നും അജയകുമാർ പറഞ്ഞു.