കടുവയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികർ
1599691
Tuesday, October 14, 2025 8:03 AM IST
പുൽപ്പള്ളി: പുൽപ്പള്ളി മാനന്തവാടി റൂട്ടിലെ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിലെ കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം റോഡിൽ ബൈക്ക് യാത്രക്കാരെ ആക്രമിക്കാനായി പാഞ്ഞടുത്ത് കടുവ. ഇന്നലെ രാവിലെ 8.15ഓടെയാണ് സംഭവം.
വീട്ടിമൂലയിൽനിന്നും പയ്യന്പള്ളിയിലെ പണിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്പോഴായിരുന്നു സംഭവം. കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം ബൈക്കിനുപുറകേ കടുവ ചീറിയടുക്കുകയായിരുന്നു. ബൈക്കിന് പുറകിലുണ്ടായിരുന്ന കാർ യാത്രക്കാർ ബഹളമുണ്ടാക്കിയതോടെയാണ് കടുവ പിന്തിരിഞ്ഞത്. വീട്ടിമൂല ഷിജു, പെരുന്പലം രതീഷ് എന്നിവരാണ് കടുവയുടെ മുന്നിൽനിന്നും രക്ഷപെട്ടത്.
ഈ റോഡിന് ഇരുവശവും അടിക്കാടുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ വാഹന യാത്രക്കാർക്കാർക്ക് വന്യമൃഗങ്ങൾ പാതയോരങ്ങളിൽനിൽക്കുന്നത് കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധിതവണ വാഹനങ്ങൾക്കുനേരേ കടുവ ചീറിയടുത്തിരുന്നു. ജനവാസ മേഖലയോട് ചേർന്ന പ്രദേശമായതിനാൽ ശല്യക്കാരനായ കടുവയെ പിടികൂടി മറ്റുസ്ഥലത്തേക്ക് മാറ്റാനാവശ്യമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം കുറുവാ ദ്വീപിലേക്ക് പോയ വാഹന യാത്രക്കാരും കടുവയെ കണ്ടിരുന്നു.