മാനന്തവാടി ഉപജില്ലയും കാട്ടിക്കുളം ഗവ.ഹയർ സെക്കൻഡറിയും മുന്നേറ്റം തുടരുന്നു
1599701
Tuesday, October 14, 2025 8:03 AM IST
കൽപ്പറ്റ: പുതിയകുതിപ്പുമായി വയനാട് റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൽപ്പറ്റ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം.
ആദ്യ ദിനത്തിൽ കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് 33 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനത്ത് 22 പോയിന്റുള്ള മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളും 15 പോയിന്റുള്ള കൽപ്പറ്റ ജിഎംആർഎസുമാണ്. കാട്ടിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അഞ്ച് സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവും നേടിയാണ് ഒന്നാം സ്ഥാനത്തേയ്ക്ക് മുന്നേറിയത്.
മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കവുമായി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായാണ് കൽപ്പറ്റ ജിഎംആർഎസ് മൂന്നാം സ്ഥാനത്തുള്ളത്.
സബ്ജില്ലാ തലത്തിൽ മാനന്തവാടി ഉപജില്ലയാണ് 64 പോയിന്റുമായി മുന്നേറുന്നത്. 52 പോയിന്റുള്ള ബത്തേരി സബ്ജില്ല രണ്ടാം സ്ഥാനത്തും 31 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്. അത്ലെറ്റിക്സിൽ സബ്ജില്ലാതലത്തിൽ എട്ട് സ്വർണവും ആറ് വെള്ളിയും ആറ് വെങ്കലവും നേടിയാണ് മാനന്തവാടി മുന്നിലെത്തിയത്.
ബത്തേരി ആറ് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും നേടിയപ്പോൾ മൂന്നാംസ്ഥാനത്തുള്ള വൈത്തിരിക്ക് രണ്ട് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് നേടിയത്. ജില്ലയിലെ മൂന്ന് ഉപജില്ലകളിൽ നിന്നായി ആയിരത്തോളം കായികതാരങ്ങളാണ് 98 ഇനങ്ങളിലായി മൂന്ന് ദിവസങ്ങളിൽ മത്സരിക്കുന്നത്. മേളയ്ക്ക് തുടക്കം കുറിച്ച് കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്ന് പുതിയ ബസ് സ്റ്റാൻഡ് വരെ വിളംബര ജാഥ നടത്തി.
ഉച്ചയ്ക്ക് 1.30 ഓടെയാണ് കായിക മത്സരങ്ങൾ ആരംഭിച്ചത്. തരിയോട് ഗവ.എച്ച്എസ്എസിന്റെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. ഇന്ന് 10ന് മേളയുടെ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. ജാവലിൻ ത്രോ, 3000, 5000 മീറ്റർ നടത്തം, ഹൈജംപ്, ലോംഗ് ജംപ്, ഹാമർ ത്രോ, 3000, 400 മീറ്റർ ഓട്ടം, 110, 100, 80 മീറ്റർ ഹർഡിൽസ് എന്നിവയാണ് രണ്ടാം ദിവസായ ഇന്ന് നടക്കുക.