കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക് രാജിവച്ചു
1599688
Tuesday, October 14, 2025 8:03 AM IST
കൽപ്പറ്റ: നഗരസഭാ ചെയർമാൻ ടി.ജെ. ഐസക് രാജിവച്ചു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായി എഐസിസി നിയമിച്ച സാഹചര്യത്തിലാണ് ഐസക് നഗരസഭാ ചെയർമാൻ സ്ഥാനം രാജിവച്ചത്. സംഘടനാപരമായി നിരവധി ഉത്തരവാദിത്വങ്ങളും പാർട്ടിക്കായി പൂർണസമയവും ചെലവഴിക്കേണ്ട സ്ഥാനമാണ് ജില്ലാ കോണ്ഗ്രസ് അധ്യക്ഷസ്ഥാനം.
നഗരസഭാ ചെയർമാനെന്നത് ഔദ്യോഗികസ്ഥാനവും ഭരണപരമായി നിരവധി ഉത്തരവാദിത്വങ്ങൾ നിറവേറ്റണ്ട സ്ഥാനവുമാണ്. രണ്ട് സ്ഥാനങ്ങളും ഒരുപോലെ കൊണ്ടുപോകുകയെന്നത് പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തെ രാജിസന്നദ്ധ അറിയിക്കുകയും അനുമതി ലഭിച്ച സാഹചര്യത്തിൽ രാജിവച്ചതെന്നും ഐസക് പറഞ്ഞു. ഭരണപരമായി യാതൊരുവിധ പ്രയാസങ്ങളും നഗരസഭയിലുണ്ടാവില്ല. താത്കാലിക ചുമതല വൈസ് ചെയർപേഴ്സണ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
13 കൊല്ലം തുടർച്ചയായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും രണ്ട് വർഷം നഗരസഭാ ചെയർമാനായുമിരുന്ന കാലത്ത് ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്താനായെന്നതിൽ സന്തോഷമുണ്ട്. യാതൊരുവിധ ആരോപണങ്ങളുമില്ലാതെയാണ് ഇക്കാലയളവിലെല്ലാം പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭാ സെക്രട്ടറി അലി അസ്ഹറിന് രാജി സമർപ്പിച്ചു.