റോഡിലേക്ക് തള്ളിനിൽക്കുന്ന കാട് യാത്രക്കാർക്ക് ഭീഷണിയായി
1599902
Wednesday, October 15, 2025 5:44 AM IST
മക്കിയാട്: മാനന്തവാടി-കുറ്റ്യാടി സംസ്ഥാന പാതയിൽ കോറോത്തിനും മക്കിയാടിനും ഇടയിൽ മരച്ചോട് പാലത്തിന് സമീപം കൊടുംവളവിൽ കാട് വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയായി.
മരച്ചോട് ഭാഗത്തുനിന്ന് കോറോം ഭാഗത്തേക്ക് റോഡിന് വലതുവശം ചേർന്ന് നടന്നുപോകാൻ ആളുകൾക്കു ഭയമാണ്. റോഡിന് മധ്യഭാഗം വരെയാണ് ഉയരത്തിൽ വളർന്ന കാട് തള്ളി നിൽക്കുന്നത്. തൊണ്ടർ നാട് എംടിഡിഎം ഹൈസ്കൂൾ, കോറോം ഗവ.എൽപി സ്കൂൾ, നിരവിൽപ്പുഴ എയുപി സ്കൂൾ, മരച്ചോട് മദ്രസ എന്നിവിടങ്ങളിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഇതുവഴി നടന്നാണ് പോകുന്നത്.
കൊടും വളവായതിനാൽ എതിരേ വരുന്ന വാഹനങ്ങൾ ദൂരേനിന്ന് കാണാൻ കഴിയില്ല. റോഡിനു ഒരു ഭാഗം പുഴയാണ്. പുഴയ്ക്ക് സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ല. കാട് എത്രയും വേഗം നീക്കണമെന്നും പാലത്തിന് സമീപം സംരക്ഷണ ഭിത്തി നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.