ജില്ലാ സ്കൂൾ ശാസ്ത്രോത്സവം മുട്ടിൽ ഓർഫനേജ് കാന്പസിൽ ഇന്ന് തുടങ്ങും
1600156
Thursday, October 16, 2025 5:37 AM IST
കൽപ്പറ്റ: ജില്ലാ സ്കൂൾ ശാസ്ത്രോത്സവം വയനാട് ഓർഫനേജിന് കീഴിൽ മുട്ടിൽ കാന്പസിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, സ്പീച്ച് ആൻഡ് ഹിയറിംഗ്, യുപി സ്കൂളുകളിൽ ഇന്നും നാളെയും നടത്തും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, പ്രചാരണ വിഭാഗം ചെയർപേഴ്സൻ ഉഷ തന്പി, കണ്‍വീനർ സേതു, വൈസ് ചെയർമാൻ ഉസ്മാൻ കോയ, ജോയിന്റ് കണ്‍വീനർമാരായ പി. ശ്രീജ, പി. ജൗഹർ, എൻ. അബ്ദുൾ നിസാർ, കെ. സൈഫുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. മേള വിളംബരം ചെയ്ത് ഇന്നലെ രാവിലെ 10ന് മുട്ടിൽ ടൗണിൽനിന്നു കാന്പസിലേക്ക് ഘോഷയാത്ര നടത്തി.
ശാസ്ത്രോത്സവത്തിൽ ശാസ്ത്രഗണിത, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ, വിവര സാങ്കേതിക വിഭാഗങ്ങളിൽ 1,500 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും. സബ് ജില്ലകളിൽ ഒന്ന്, രണ്ട് സ്ഥാനം നേടിയ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളാണ് ജില്ലാതലത്തിൽ മത്സരിക്കുക.
വിജയികൾക്ക് എവർ റോളിംഗ് ട്രോഫികൾക്ക് പുറമേ വ്യക്തിഗത മെമന്റൊയും നൽകും. ഒരേസമയം മൂന്നൂറ് പേർക്ക് ഭക്ഷണം കഴിക്കുന്നതിന് ഊട്ടുപുര സജ്ജമാക്കിയിട്ടുണ്ട്. രണ്ടു ദിവസവും വൈകുന്നേരം 4.30 വരെ മേള കാണുന്നതിന് പൊതുജനങ്ങൾക്കു സൗകര്യം ഉണ്ടാകും.
ഇന്നു രാവിലെ 10ന് ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി മേള ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും. നാളെ ഉച്ചകഴിഞ്ഞ് സമാപന സമ്മേളനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ വിശിഷ്ടാതിഥികളാകും. ഉദ്ഘാടന, സമാപന ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു,
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം. മുഹമ്മദ് ബഷീർ, ഉഷ തന്പി, ജുനൈദ് കൈപ്പാണി, സീത വിജയൻ, മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് ചിറക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജഷീർ പള്ളിയാൽ, അയിഷാബി, ലക്ഷ്മി കേളു, ഡബ്ല്യുഎംഒ സ്കൂൾ മാനേജർ കെ.കെ. അഹമദ് ഹാജി, ഡബ്ല്യുഎംഒ പ്രസിഡന്റ് പി.പി. അബ്ദുൾ ഖാദർ, സെക്രട്ടറി മുഹമ്മദ് ഷാ തുടങ്ങിയവർ പങ്കെടുക്കും.