വിശ്വാസസംരക്ഷണ യാത്രയ്ക്ക് കൽപ്പറ്റയിൽ ഉജ്വല സ്വീകരണം
1600154
Thursday, October 16, 2025 5:37 AM IST
കേരളം ഭരിക്കുന്നത് പെരുങ്കള്ളൻമാർ : കെ. മുരളീധരൻ
കൽപ്പറ്റ: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരേ കെപിസിസി ആഹ്വാനം ചെയ്തതനുസരിച്ച് മുൻ പ്രസിഡന്റ് കെ. മുരളീധരന്റെ നേതൃത്വത്തിൽ നടത്തുന്ന വടക്കൻ മേഖല വിശ്വാസസംരക്ഷണ യാത്രയ്ക്ക് കൽപ്പറ്റയിൽ ഉജ്വല സ്വീകരണം.
രാവിലെ 11.30 ഓടെ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് എത്തിയ ജാഥയെ ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസകിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ജാഥയിലും സ്വീകരണ സമ്മേളനത്തിലും പങ്കാളികളായി. കേരളം ഭരിക്കുന്നത് പെരുങ്കള്ളൻമാരാണെന്നും അവരെ തുറുങ്കിലടയ്ക്കുംവരെ കോണ്‍ഗ്രസ് പ്രതിഷേധത്തിനു അവസാനിമില്ലെന്നും സ്വീകരണ സമ്മേളനത്തിൽ മുരളീധരൻ പറഞ്ഞു.
അയ്യപ്പസംഗമമെന്ന പേരിൽ പത്തു വോട്ടിന് വേണ്ടി ഭക്തരുടെ വിശ്വാസത്തെപോലും സർക്കാർ കച്ചവടമാക്കി. എട്ടുനിലയിൽ പൊട്ടിയ അയ്യപ്പസംഗമത്തിൽ പങ്കെടുക്കാത്തതിൽ കോണ്‍ഗ്രസിനും യുഡിഎഫിനും അഭിമാനമുണ്ട്. അയ്യപ്പസംഗമത്തിനു മൂന്നു കോടി രൂപയാണ് ദേവസ്വം ബോർഡ് ചെലവാക്കിയത്. സ്പോണ്‍സർമാർ വരുന്പോൾ പണം തിരികെ നൽകുമെന്നാണ് പറയുന്നത്. ആചാരലംഘനം ഒരു ഭാഗത്തും മോഷണം മറ്റൊരു ഭാഗത്തും ഉണ്ണിക്കൃഷ്ണൻ പോറ്റി വേറൊരു ഭാഗത്തുമെന്ന നിലയിലാണ് കേരളത്തിലെ കാര്യങ്ങൾ.
പിണറായി ഭരണത്തിൽ ദൈവങ്ങൾക്കുപോലും രക്ഷയില്ലെന്നും മുരളീധരൻ പറഞ്ഞു. സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു.
യാത്ര വൈസ് ക്യാപ്റ്റൻ ടി. സിദ്ദിഖ് എംഎൽഎ, നേതാക്കളായ പി.എം. നിയാസ്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, ബാലകൃഷ്ണൻ പെരിയ, പി.ടി. ഗോപാലക്കുറുപ്പ്, പി.പി. ആലി, കെ.കെ. അഹമ്മദ് ഹാജി, എം.സി. സെബാസ്റ്റ്യൻ, എൻ.കെ. വർഗീസ്, കെ.ഇ. വിനയൻ, കെ.കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.