സംസ്ഥാന എക്സൈസ് കലാകായികമേള കൽപ്പറ്റയിൽ
1600161
Thursday, October 16, 2025 5:37 AM IST
കൽപ്പറ്റ: 21-ാമത് സംസ്ഥാന എക്സൈസ് കലാകായികമേള 17, 18, 19 തീയതികളിൽ മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. എക്സൈസ് ഉത്തരമേഖല ജോയിന്റ് കമ്മീഷണർ എം. സുഗുണൻ, വയനാട് ഡപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി,
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ടി. സജുകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. മോഹൻകുമാർ, സ്റ്റേറ്റ് സ്പോർട്സ് ഓഫീസർ കെ.ആർ. അജയ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. മേളയുടെ ഉദ്ഘാടനം 17ന് വൈകുന്നേരം നാലിന് ജില്ലാ സ്റ്റേഡിയത്തിൽ തദ്ദേശ സ്വയം ഭരണ-എക്സൈസ്-പാർലമെന്ററി മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിക്കും. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി തുടങ്ങിയവർ പങ്കെടുക്കും.വിവിധ വേദികളിലായി 1500ൽപരം കായികതാരങ്ങളും കലാകാരൻമാരും മേളയിൽ മാറ്റുരയ്ക്കും.
മലപ്പുറത്ത് ഇന്നു രാവിലെ ആരംഭിക്കുന്ന ദീപശിഖ പ്രയാണത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് ലക്കിടിയിൽ സ്വീകരണം നൽകും. നാലരയോടെ പ്രയാണം മുണ്ടേരിയിൽ എത്തും. 19ന് വൈകുന്നേരം സമാപന സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. സമ്മാനദാനം അദ്ദേഹം നിർവഹിക്കും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.