മൃഗസംരക്ഷണ മേഖലയിൽ പുൽപ്പള്ളി പഞ്ചായത്തിന്റെ ഇടപെടൽ മാതൃക: മന്ത്രി
1600353
Friday, October 17, 2025 5:37 AM IST
പുൽപ്പള്ളി: മൃഗസംരക്ഷണ മേഖലയിൽ പഞ്ചായത്ത് നടത്തുന്ന ഇടപെടലുകൾ മാതൃകയാണെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിലെ എല്ലാ പശുക്കൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനു പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വേനൽക്കാല കാലിത്തീറ്റ വിതരണ പദ്ധതിയുടെയും പന്നിപ്പനിമൂലം ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കുള്ള സഹായധന വിതരണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി.യു. ഷാഹിന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി, എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലയ്ക്കൽ, ജോളി നരിതൂക്കിൽ, ഡോ.കെ.എസ്. പ്രേമൻ എന്നിവർ പ്രസംഗിച്ചു.
ക്ഷീരസംഘത്തിനു കീഴിലുള്ള കിടാരി പാർക്കിലെ ആയിരാമത്തെ കിടാരിയുടെ വിൽപ്പനയും കൃത്രിമ ബീജാധാന കേന്ദ്രത്തിന്റെ ആയിരം കുത്തിവെപ്പ് പൂർത്തീകരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കിടാരി പാർക്കുകളുടെ എണ്ണം വർധിപ്പിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
സംഘം വളപ്പിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. യു.എൻ. കുശൻ, വി.എൻ. ജയചന്ദ്രൻ, സെക്രട്ടറി എം.ആർ. ലതിക, ടി.ജെ. ചാക്കോച്ചൻ, ഇ.ജെ. ബാബു, ടി.വി. ബിനോയ്, സജീവ് വെട്ടുവേലിൽ, ജോളി റെജി എന്നിവർ പ്രസംഗിച്ചു.