തൊണ്ടർനാട് പഞ്ചായത്ത് വികസന സദസ് : ഓപ്പണ്‍ ഫോറത്തിൽ നിർദേശങ്ങളുമായി പൊതുജനം
1601288
Monday, October 20, 2025 5:56 AM IST
മക്കിയാട്: തൊണ്ടർനാട് പഞ്ചായത്ത് വികസന സദസ് കോറോം ദോഹ പാലസിൽ നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പഞ്ചായത്തിന്റെ ഇടപെടൽ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നും സ്ത്രീകളുടെ ആരോഗ്യ പരിരക്ഷയ്ക്ക് പഞ്ചായത്ത് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, പഞ്ചായത്ത് അംഗങ്ങളായ വി.ടി. അരവിന്ദാക്ഷൻ, രവികുമാർ, പി.പി. മൊയ്തീൻ, പി.എ. കുര്യാക്കോസ്, ചന്തു, സെക്രട്ടറി ബീന വർഗീസ്, അസി. സെക്രട്ടറി ടി. ബിജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സത്യൻ, സാക്ഷരത പ്രേരക് എം.ആർ. ഷാജുമോൻ എന്നിവർ പ്രസംഗിച്ചു.
അഞ്ച് വർഷത്തിനിടെ പഞ്ചായത്ത് നടപ്പാക്കിയ വികസന പദ്ധതികൾ സദസിൽ അവതരിപ്പിച്ചു. വിദ്യാലയങ്ങളിൽനിന്നു പട്ടികവിഭാഗം കുട്ടികൾ കൊഴിയുന്നത് തടയുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങളും കൂലിയും വർധിപ്പിക്കുക, കോറോം പിഎച്ച്സിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുക, നിരവിൽപ്പുഴ ടൗണ്‍ ഹരിതവത്കരിക്കുക,
ഇരുന്പകം കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുക, ഇണ്ട്യേരിക്കുന്ന് ചെക്ക് ഡാമിൽ ഇരുന്പുഷട്ടർ സ്ഥാപിക്കുക, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ഇണ്ട്യേരിക്കുന്ന്-പഴഞ്ചന പാലം റോഡ് പുനർനിർമിക്കുക, വന്യമൃഗശല്യത്തിന് പരിഹാരം കാണുക, ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ ഓപ്പണ്‍ ഫോറത്തിൽ ഉയർന്നു.