ജില്ലാ സ്കൂൾശാസ്ത്രോത്സവം തുടങ്ങി
1600358
Friday, October 17, 2025 5:37 AM IST
കൽപ്പറ്റ: ജില്ലാ സ്കൂൾ ശാസ്ത്രോത്സവം വയനാട് ഓർഫനേജിന് കീഴിൽ മുട്ടിൽ കാന്പസിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, സ്പീച്ച് ആൻഡ് ഹിയറിംഗ്, യുപി സ്കൂളുകളിൽ ആരംഭിച്ചു. ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ശാസ്ത്രപ്രതിഭകളുടെ അരങ്ങേറ്റമാണ് ശാസ്ത്രമേളകളിലൂടെ സംഭവിക്കുന്നതെന്ന് അവർ പറഞ്ഞു. കുട്ടികളുടെ കണ്ടെത്തലുകൾ പലപ്പോഴും സർക്കാർ വകുപ്പുകളുടെ തീരുമാനങ്ങളെപോലും സ്വാധീനിക്കുന്നുണ്ട്. വലിയ പ്രാധാന്യമാണ് സ്കൂൾ ശാസ്ത്രമേളകൾക്ക് സർക്കാർ നൽകുന്നത്.
മറ്റു മേഖലകളിൽനിന്നു വ്യത്യസ്തമായി പഠനപ്രവർത്തനങ്ങളുടെ ഭാഗമായ കാര്യങ്ങളാണ് ശാസ്ത്രോത്സവങ്ങളിൽ നടക്കുന്നത്. കേരളത്തിനുപുറത്ത് സ്കൂൾ മേളകൾക്ക് ഇത്രയും പ്രാധാന്യം ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ശ്രീജിത്ത് വാകേരി, ഡബ്ലിയു ഒവിഎച്ച്എസ്എസ് പ്രിൻസിപ്പൽ എൻ.യു. അൻവർഗൗസ്, പിടിഎ പ്രസിഡന്റ് അഷ്റഫ് കൊട്ടാരം, പ്രധാനാധ്യാപിക പി. ശ്രീജ, ബിനു മോൾ ജോസ്, നഫീസത്ത് എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ 1,500 ഓളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. തത്സമയ മത്സരങ്ങൾക്കാണ് മേളയിൽ കൂടുതൽ പ്രാധാന്യം. ശാസ്ത്രനാടകം, തത്സമയ നിർമാണം, പ്രാദേശിക ചരിത്രരചന, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങൾ ഇന്നലെ നടന്നു. ഇന്നു വൈകുന്നേരം മേള സമാപന സമ്മേളനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.