വന പരിപാലന നയങ്ങൾ ചർച്ച ചെയ്ത് വിഷൻ 2031 സെമിനാർ
1601279
Monday, October 20, 2025 5:56 AM IST
കൽപ്പറ്റ: അസന്തുലിത വനമേഖലകളെ സ്വാഭാവിക വനപ്രദേശങ്ങളാക്കി മാറ്റാനുള്ള ക്രിയാത്മകമായ ഇടപെടൽ ആവശ്യമാണെന്ന് വിഷൻ 2031 സംസ്ഥാനതല സെമിനാറിലെ ചർച്ചയിൽ നിർദേശം. കാടും നാടും വേർതിരിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും വനത്തെ സംരക്ഷിച്ച് വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും ചർച്ചയിൽ നിർദേശിച്ചു.
വന മേഖലകളിലെ സെന്ന, തേക്ക് തുടങ്ങിയ അശാസ്ത്രീയ അധിനിവേശ സസ്യങ്ങൾ പരിപാലിക്കുന്നതിന് പകരമായി ദീർഘ വീക്ഷണത്തോടെയുള്ള വന സംരക്ഷണ മാസ്റ്റർ പ്ലാൻ തയാറാക്കണം. ആക്രമകാരികളായ വന്യമൃഗങ്ങളെ പിടികൂടാനുള്ള കാലതാമസം ഒഴിവാക്കണം. വന്യജീവി ആക്രമണത്തിന് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ നടപടി സ്വീകരിക്കാനും ചർച്ചയിൽ ആവശ്യമുയർന്നു. വനമേഖലകളിലെ അധിനിവേശ സസ്യങ്ങളുടെ കൃത്യമായ വിവര ശേഖരണങ്ങൾ ലഭ്യമാക്കണം.
പ്രതിരോധ സംവിധാനങ്ങൾ സമാന്തരമായി നടപ്പാക്കണം. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ പഞ്ചായത്ത് തലത്തിൽ നടപടി ഉണ്ടെങ്കിലും നിയമം നടപ്പാക്കാൻ പ്രായോഗിക ഇടപെടൽ സ്വീകരിക്കണമെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. വന്യമൃഗങ്ങൾക്കായി ഉൾവനങ്ങളിൽ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഉത്പാദിപ്പിക്കപ്പെടാൻ ഫ്രൂട്ട് ഫോറസ്റ്റ് ആശയം നടപ്പാക്കണമെന്ന ആശയവും ചർച്ചയിൽ ഉയർന്നു.
ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഭാവി വനപരിപാലന, വനസംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള കരട് നയരേഖയിൽ ഉൾപ്പെടുത്തി നൂതന ആശയങ്ങൾ രൂപീകരിക്കുമെന്ന് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ.പി. പുകഴേന്തി അറിയിച്ചു. വനവത്കരണം സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനവും വനസംരക്ഷണവും, വന്യജീവി സംരക്ഷണം, വന്യജീവി ആക്രമണം ലഘൂകരണം, കാലാവസ്ഥ വ്യതിയാനവും വനം വന്യജീവി സംരക്ഷണത്തിന്റെ ഭാവിയും,
പങ്കാളിത്ത വനപരിപാലനവും വനാശ്രിത സമൂഹങ്ങളുടെ ഉന്നമനവും, സാമൂഹിക വനവത്കരണവും സാധ്യതകളും, ഇക്കോ ടൂറിസം സുസ്ഥിര സമീപനം, ആധുനിക വനവത്കരണവും കാര്യക്ഷമമായ പൊതുജന സേവനവും, അടിസ്ഥാന സൗകര്യ വികസനവും മാനവ വിഭവ ശേഷി വികസനവും എന്നീ വിഷയങ്ങളിൽ വിഷയ വിദഗ്ധർ, രാഷ്ട്രീയ സാമൂഹിക പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ, വിദ്യാർഥികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാന ചീഫ് വൈൽഡ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ, ഫോറസ്റ്റ് മാനേജ്മെന്റ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ.എൻ. ചന്ദ്രശേഖരൻ, ഇക്കോ ഡെവലപ്മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ.ജെ. ജസ്റ്റിൻ മോഹൻ എന്നിവർ ചെയർമാൻമാരും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബത്തേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. റഷീദ് എന്നിവർ കോ ചെയർമാൻമാരായ പാനലാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.