വനപാതയിലൂടെ ടൂറിസ്റ്റുകളുമായി നടത്തുന്ന നൈറ്റ്സഫാരി നിയന്ത്രിക്കണമെന്ന്
1601289
Monday, October 20, 2025 5:59 AM IST
മാനന്തവാടി: റിസോർട്ടുകാർ ടൂറിസ്റ്റുകളേയുമായി വനപാതയിലൂടെ നടത്തുന്ന നൈറ്റ്സഫാരി നിയന്ത്രിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ റിസോട്ട് ഉടമകൾ അവരുടെ ടൂറിസ്റ്റുകളേയും കൊണ്ട് വനപാതയിയിലുടെ നടത്തുന്ന നൈറ്റ് സഫാരി ആനകളേയും മറ്റും പ്രകോപിതരിക്കുന്നു. അത്തരം ആനകൾ കൃഷിസ്ഥലത്ത് ഇറങ്ങിയതറിഞ്ഞ് ടോർച്ചടിച്ചാൽ പാഞ്ഞു വന്ന് ആക്രമിക്കയാണ്.
കഴിഞ്ഞ ദിവസം ചേലൂർ ചിന്നന്റെ തോട്ടത്തിൽ ഇത്തരം അനുഭവമുണ്ടായി. തലനാരിഴക്ക് രക്ഷപെട്ട് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആനയും കാട്ടുപോത്തും കടുവയും യാത്ര വാഹനങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്നത് നിത്യസംഭവമായി. ടൂറിസത്തിന്റെ മറവിൽ നടത്തുന്ന നൈറ്റ്സഫാരി ഉത്തരവാദപ്പെട്ടവർ നിയന്ത്രിച്ചില്ലെങ്കിൽ ജനകീയസമിതി ഇടപെടും.
ഈ വിഷയ ബത്തേരിയിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് നടത്തിയ "വിഷൻ 2031' സെമിനാറിൽ അവതരിപ്പിച്ചിരുന്നു. വനം മന്ത്രി, മന്ത്രി ഒ.ആർ. കേളു, ജില്ലാ കളക്ടർ, വയനാട് പോലീസ് സൂപ്രണ്ട് എന്നവർക്ക് കൂടി പരാതി കൊടുക്കാൻ വന്യമൃഗശല്യ പ്രതിരോധ ആക്ഷൻ കമ്മറ്റിയോഗം തീരുമാനിച്ചു. ചെയർമാൻ ടി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ടി. സന്തോഷ്കുമാർ, വി.എ. ജയചന്ദ്രൻ, ഇ.എ. നാസർ, സന്തോഷ് തോൽപ്പെട്ടി എന്നിവർ പ്രസംഗിച്ചു.