കവിതാസമാഹാരവുമായി ഇരട്ടസഹോദരിമാർ
1600860
Sunday, October 19, 2025 5:11 AM IST
കൽപ്പറ്റ: കവിതാസമാഹാരവുമായി ഇരട്ടസഹോദരിമാർ. പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ എ.എസ്. വൈഗ, എ.എസ്. വൈഖരി എന്നിവരാണ് ‘നവേന്ദുകിരണങ്ങൾ’ എന്ന ശീർഷകത്തിൽ കവിതാസമാഹാരം തയാറാക്കിയത്.
വിദ്യാലയത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ സമാഹാരത്തിന്റെ പ്രകാശനം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യപാതിയിൽ വൈഗയും മറുപാതിയിൽ വൈഖരിയുമാണ് എഴുതിയിരിക്കുന്നത്.
മഴയോടും ഭൂമിയോടുമുള്ള പ്രണയത്തിൽ തുടങ്ങി വർത്തമാനകാലത്തിലേക്കും അതിന്റെ വിഹ്വലതകളിലേക്കും ഇരുവരും ആഴത്തിൽ കടന്നുചെല്ലുന്നുണ്ട്. സാഹിത്യകാരി പ്രീത ജെ. പ്രിയദർശനിയാണ് സമാഹാരത്തിന് അവതാരിക എഴുതിയത്. ‘നവേന്ദുകിരണങ്ങൾ’ എന്ന പേരിൽപോലും പ്രതീക്ഷയുടെ നാന്പുകൾ മുളയ്ക്കുന്ന അനുഭൂതിയുണ്ടെന്ന് അവതാരികയിൽ പ്രീത കുറിക്കുന്നു.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ വി. രവീന്ദ്രനും മലയാളം അധ്യാപകൻ ടി.എസ്. ഷിജുവുമാണ് വൈഗ-വൈഖരി ഇരട്ടകളിലെ കവയിത്രികളെ കണ്ടെത്തി രചനയിൽ പ്രോത്സാഹനം നൽകിയതും സമാഹാരം തയാറാക്കുന്നതിലേക്ക് നയിച്ചതും. പുൽപ്പള്ളി ആളാകടവിൽ എ.എസ്.സുനിൽകുമാർ-കെ.ആർ. പ്രിയ ദന്പതികളുടെ മക്കളാണ് വൈഗയും വൈഖരിയും.