സുവർണ ജൂബിലി ആഘോഷവും, ജൂബിലി ഭവന നിർമാണത്തിന്റെ തറക്കല്ലിടൽ കർമവും നാളെ
1600714
Saturday, October 18, 2025 5:07 AM IST
ഇരുളം: ഇരുളം സെന്റ് സെബാസ്റ്റ്യൻസ് ഇടവക സുവർണ ജൂബിലി ആഘോഷങ്ങൾ നാളെ രാവിലെ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും.
ജൂബിലിയുടെ ഓർമയ്ക്കായി ഇടവകയിൽ ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ചു നല്‍കുന്നതിന്റെ തറക്കല്ലിടൽ കർമവും സഹായമെത്രാൻ നിർവഹിക്കും. തുടർന്ന് രാവിലെ 10ന് ആഘോഷമായ വിശുദ്ധ കുർബാന, പൊതുസമ്മേളനം, സ്നേഹ വിരുന്ന് എന്നിവ നടക്കും. ചടങ്ങിൽ ആദ്യകാല കുടിയേറ്റക്കാരേയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരേയും ആദരിക്കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിൽ 1974 - 1975 ൽ അങ്ങാടിശേരിയിൽ വിശുദ്ധകുർബാന ആരംഭിക്കുകയും തുടർന്ന് 1976 ഒക്ടോബർ 20ന് ഇരുളം ദേവാലയം സ്വതന്ത ഇടവകയായി മാറുകയും ആദ്യ വികാരിയായി ഫാ. മാത്യു കല്ലുങ്കൽ സിഎംജെ നിയമിതനാകുകയും ചെയ്തു.
2000 ജൂണ്‍ എട്ടിന് പുതിയ ദേവാലയം ഇരുളം ടൗണിൽ സ്ഥാപിച്ചു. ഇടവകയുടെ കീഴിൽ വളാഞ്ചേരി സെന്റ് മേരീസ് കുരിശുപള്ളിയിലും ഇരുളം മേഖലയിലുമായി 220 കുടുംബങ്ങളാണുള്ളത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സുവർണ ജൂബിലിയോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇടവക വികാരി ഫാ. റോയി വട്ടക്കാട്ട്, ആഘോഷ കമ്മിറ്റി കണ്‍വീനർ വി.ഡി. ജോസ്, ട്രസ്റ്റിമാരായ പി.ജെ. ഷാജി, ആൽബർട്ട് കച്ചിറമറ്റം, ജോയി കരോട്ട്, സിസ്റ്റർ ജെസി പോൾ എസ്കെഡി എന്നിവർ അറിയിച്ചു.