വനം-വന്യജീവി, മാനുഷിക സംരക്ഷണം ഉറപ്പാക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
1600903
Sunday, October 19, 2025 6:00 AM IST
വിഷൻ-2031: സംസ്ഥാനതല സെമിനാർ നടത്തി
സുൽത്താൻ ബത്തേരി: വനം-വന്യജീവി, മാനുഷിക സംരക്ഷണം ഉറപ്പുവരുത്തുക സർക്കാർ ലക്ഷ്യമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ‘കാടിന് സംരക്ഷണം, നാടിന് വികസനം’ എന്ന പേരിൽ വനംവന്യജീവി സംരക്ഷണ വകുപ്പ് നഗരസഭാ ഹാളിൽ സംഘടിപ്പിച്ച വിഷൻ-2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനമേഖലയോടുചേർന്ന് താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുന്നതിനു സംഘടിപ്പിച്ചതാണ് സെമിനാർ. വന്യജീവി ശല്യം ലഘൂകരിക്കുന്നതിന് കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി ആവശ്യമാണ്. വനം കൈയേറ്റം, വന്യമൃഗവേട്ട എന്നിവ രൂക്ഷമായിരുന്ന കാലത്ത് ആഗോളതലത്തിൽ പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടായിരുന്നു.
പാരിസ്ഥിതിക പ്രതികൂല സാഹചര്യങ്ങൾ നേരിടുന്നതിന് നടപ്പാക്കിയ കേന്ദ്ര നിയമങ്ങൾ 2016ൽ കേരളം സ്വീകരിച്ചതാണ്. നിലവിൽ വനം വകുപ്പ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളുടെ പരിഹാരത്തിന് കേന്ദ്ര നിയമങ്ങളിൽ ഭേദഗതി ഉണ്ടാകണം. ഒരു നാടിനെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിയമങ്ങൾ രൂപപ്പെടേണ്ടത്. വന നിയമങ്ങളിൽ ജനങ്ങൾക്ക് പ്രയോജനകരമാകുംവിധം ഇളവുകൾ നൽകണം.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം, വന സംരക്ഷണം, വന്യമൃഗ സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഐസിഐസിഐ ബാങ്ക് കോർപറേറ്റ് സോഷ്യൽ റസ്പോണ്‍സിബിലിറ്റി വിഭാഗം 200 കാമറ ട്രാപ്പുകൾ മന്ത്രിക്ക് കൈമാറി.
വന്യമൃഗശല്യ ലഘൂകരണത്തിന് വനം വകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് സെമിനാറിൽ പ്രസംഗിക്കവേ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു പറഞ്ഞു. വനത്തോടുചേർന്നുള്ള പ്രദേശങ്ങളിൽ ജനപങ്കാളിത്തത്തോടെയാണ് വനം വകുപ്പിന്റെ ഇടപെടലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ രാജേഷ് രവീന്ദ്രൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ.പി. പുകഴേന്തി, എഡിഎം കെ. ദേവകി,
ജനപ്രതിനിധികളായ സി. അസൈനാർ, ജസ്റ്റിൻ ബേബി, പി.വി. ബാലകൃഷ്ണൻ, മിനി പ്രകാശ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പ്രമോദ് ജി. കൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ.ജസ്റ്റിൻ മോഹൻ, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ബി.എൻ. അഞ്ജൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.