ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പ്ലാൻ ഫണ്ടിൽ 71 ശതമാനം വിനിയോഗിച്ചില്ല
1263141
Sunday, January 29, 2023 11:22 PM IST
കൽപ്പറ്റ: സംസ്ഥാന സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ട് വിനിയോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് വളരെ പിന്നിൽ. പ്ലാൻ ഫണ്ടിൽ 28.23 ശതമാനം മാത്രമാണ് ഓഫീസ് ചെലവഴിച്ചത്. അതേസമയം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, പൊതുമരാമത്ത് റോഡ്, കെട്ടിട്ട വിഭാഗങ്ങൾ, വാട്ടർ അഥോറിറ്റി, ദാരിദ്ര ലഘൂകരണ വിഭാഗം, ബാണാസുര സാഗർ പ്രോജക്ട്, മൈനർ ഇറിഗേഷൻ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, ഡയറ്റ്, കുടുംബശ്രീ തുടങ്ങിയവ ലഭിച്ച ഫണ്ടുകൾ പൂർണമായി വിനിയോഗിച്ചു.
2022-23 വാർഷിക പദ്ധതികൾക്ക് അനുവദിച്ച തുകയുടെ വിനിയോഗം ജില്ലാ വികസന സമിതി യോഗം അവലോകനം ചെയ്തു. സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾക്ക് അനുവദിച്ച പ്ലാൻ ഫിൽ 84.03 ശതമാനം ചെലവഴിച്ചതായി യോഗം വിലയിരുത്തി. 206.09 കോടി രൂപ അനുവദിച്ചതിൽ 173.17 കോടി രൂപ ചെലവിട്ടു.
വാർഷിക പദ്ധതി നിർവഹണം നൂറ് ശതമാനമാക്കണമെന്ന് യോഗം വിവിധ വകുപ്പ് മേധാവികളോട് നിർദേശിച്ചു. സാന്പത്തികവർഷം അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിൽ പദ്ധതി നിർവഹണത്തിൽ ഓരോ വകുപ്പും പ്രത്യേക ഊന്നൽ നൽകണം. സിഎസ്ആർ ഫണ്ടികൾ സമയബന്ധിതമായി വിനിയോഗിക്കണം. ചെലവഴിക്കുന്ന തുക സംബന്ധിച്ച വിശദാംശങ്ങൾ വകുപ്പുകൾ സമയബന്ധിതമായി പ്ലാൻ സ്പേസിൽ അപ്ഡേറ്റ് ചെയ്യണമെന്ന് യോഗം നിർദേശിച്ചു. പദ്മശ്രീ പുരസ്കാരം നേടിയ ചെറുവയൽ രാമനെയും പാലക്കാട് ധോണിയിൽ ഭീതി പരത്തിയ കാട്ടാനയെ പിടികൂടിയ ജില്ലയിൽ നിന്നുളള ആർആർടി സംഘത്തെയും അനുമോദിച്ചു.
ഈ മാസം വിരമിക്കുന്ന ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ വി.കെ. ശ്രീലതയ്ക്ക് യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ. ഗീത, പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.