കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് വാച്ചർ മരിച്ച സംഭവം: പ്രതിഷേധം അവസാനിപ്പിച്ചു
1263143
Sunday, January 29, 2023 11:22 PM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ സീഫോർത്തിൽ ശനിയാഴ്ച വൈകുന്നേരം കാട്ടാന ആക്രമണത്തിൽ മഞ്ജേശ്വരി എസ്റ്റേറ്റ് വാച്ചർ നൗഷാദ്(29) മരിച്ചതിനെത്തുടർന്നു നാട്ടുകാർ നടത്തിവന്ന സമരം പിൻവലിച്ചു. നൗഷാദിന്റെ കുടുംബത്തിനു തക്കതായ സമാശ്വാസധനം അനുവദിക്കണമെന്നതടക്കം നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങളിൽ പലതും അധികാരികൾ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇതേത്തുർടർന്നു നൗഷാദിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സീഫോർത്ത് മഹല്ല് ഖബർ സ്ഥാനിൽ സംസ്കരിച്ചു. പോസ്റ്റുമോർട്ടത്തിനു സീഫോർത്തിൽ സൗകര്യം ഒരുക്കിയിരുന്നു.
സർക്കാർ അനുവദിക്കുന്ന തുകയ്ക്കു പുറമേ നീലഗിരി എംപി എ. രാജ, ജില്ലാ കളക്ടർ എന്നിവരുടെ ഫണ്ടിൽനിന്നും ഒരോ ലക്ഷം രൂപയും നൗഷാദിന്റെ കുടുംബത്തിനു നൽകാൻ ഉദ്യോഗസ്ഥരുമായി നാട്ടുകാരുടെ പ്രതിനിധികൾ നടത്തിച്ച ചർച്ചയിൽ തീരുമാനമായി. എസ്റ്റേറ്റ് മാനേജ്മെന്റ് മൂന്നു ലക്ഷം രൂപ കുടുംബത്തിനു നൽകും. നൗഷാദിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുക, ആനയെ ഉൾവനത്തിലേക്കു തുരത്തുക തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു. സർക്കാർ പ്രഖ്യാപിച്ച സമാശ്വാസധനവും എംപി ഫണ്ടിൽനിന്നുള്ള സഹായധനവും കുടുംബത്തിന് കൈമാറി.
നൗഷാദിന്റെ മരണത്തിനു പിന്നാലെ ഉന്നത പോലീസ്, വനം ഉദ്യോഗസ്ഥർ സീഫോർത്തിലെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു നീക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചിരുന്നില്ല. സമരം തുടരുന്നതിനിടെ മൃതദേഹം സീഫോർത്ത് ജുമുഅ മസ്ജിദിലേക്ക് മാറ്റിയിരുന്നു. ഓവാലി പഞ്ചായത്തിൽ കാട്ടാനകളുടെ കൊലവിളി തുടരുകയാണ്.