ബൈബിളിനെ അവഹേളിച്ച സംഭവം ദൗർഭാഗ്യകരം: കെസിവൈഎം മാനന്തവാടി
1264382
Friday, February 3, 2023 12:08 AM IST
മാനന്തവാടി: ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കാസർഗോഡ് സ്വദേശിയായ വ്യക്തി പ്രബുദ്ധ കേരളത്തിന്റെ മത സാഹോദര്യ പൈതൃകത്തിന് കളങ്കം വരുത്താൻ ശ്രമിക്കുകയാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി പറഞ്ഞു. കേരളത്തിൽ വർധിച്ചുവരുന്ന തീവ്രവാദ ചിന്തകളും അതിനെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവർഗീയ സംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റുവാൻ കൂട്ടുനിൽക്കുകയാണ്.
മതമൈത്രിയും സാമൂഹിക സൗഹാർദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ പൊതുസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. തീവ്രവാദത്തിന്റെ വിത്തുകൾ പാകി നൻമനിറഞ്ഞ ഈ സമൂഹത്തെ വിഷമയമാക്കുന്ന പ്രവണതകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ സമുദായ നേതൃത്വം തയാറാകണമെന്നും കെസിവൈഎം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.