ചകിരി നിർമാണ യൂണിറ്റ് ആരംഭിച്ച് വിജയം കൈവരിച്ച് വീട്ടമ്മ
1278143
Friday, March 17, 2023 12:07 AM IST
പുൽപ്പള്ളി: കുടിയേറ്റ മേഖലയിൽ ചെറുകിട വ്യവസായമേഖലയിൽ വേറിട്ടപാതയിലൂടെ സഞ്ചരിച്ച് വ്യത്യസ്തയാകുകയാണ് മുള്ളൻകൊല്ലി ആലത്തൂർ കവളക്കാട്ട് ജോസുട്ടിയുടെ ഭാര്യ അന്പിളി ജോസ് എന്ന യുവസംരംഭക. ജില്ലയിലെ ആദ്യ ചകിരിനാര് നിർമാണ യൂണിറ്റ് ആരംഭിച്ച അന്പിളി ഇന്ന് തന്റെ സംരംഭത്തിലൂടെ വരുമാനമാർഗം കണ്ടെത്തുന്നതോടൊപ്പം നിരവധി പേർക്ക് ജോലിയും നൽകിവരുന്നു. മേഖലയെ സംബന്ധിച്ച് കൃഷിയിടത്തിൽ പാഴായി പോകുന്നതാണ് തേങ്ങയുടെ തൊണ്ട്. ഈ പാഴ്വസ്തു എങ്ങനെ വരുമാനമാർഗമാക്കി മാറ്റാമെന്ന ചിന്തയാണ് ഇങ്ങനെയൊരു സംരംഭത്തിലേക്ക് അന്പിളിയെ എത്തിച്ചത്.
ചകിരിനാര് നിർമാണവുമായി ബന്ധപ്പെട്ട് ഒരു മാസികയിൽ വന്ന വിവരങ്ങളും പ്രചോദനമായി. ഇതിന് ശേഷം കയർബോർഡിൽ നിന്നും കോഴിക്കോട് എൻഐടിയിൽ നിന്നും പരിശീലനം നേടിയാണ് അന്പിളി ചകിരിനാര് നിർമാണ സംരംഭത്തിലേക്കിറങ്ങുന്നത്. പാഴായി പോകുന്ന തൊണ്ടിൽ നിന്നും ചകിരിനാരും ചകിരിച്ചോറും ഉത്പാദിപ്പിച്ചാൽ കർഷകനും സംരംഭകനും ഒരേസമയം വരുമാനമുണ്ടാക്കാമെന്ന് അന്പിളി പറയുന്നു. പ്രധാനമായും മൂന്ന് ഉത്പന്നങ്ങളാണ് ദി ഫൈബർ ഹൗസ് എന്ന് പേരിട്ടിരിക്കുന്ന അന്പിളിയുടെ സംരംഭത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. ചകിരിനാര്, ചകിരിച്ചോറ്, ബേബിഫൈബർ എന്നിവയാണവ.
ചകിരിനാര് പ്രധാനമായും കയർഫെഡിന്റെ കോഴിക്കോട്, ചേർത്തല എന്നിവിടങ്ങളിലെ മില്ലുകളിലേക്കാണ് നൽകുന്നത്.
വയനാട്ടിൽ ഇത്തരത്തിലൊരു സംരംഭം പുതിയതായതിനാൽ തന്നെ കടന്പകൾ നിരവധിയുണ്ടായിരുന്നുവെന്ന് അന്പിളി പറഞ്ഞു. ധനകാര്യസ്ഥാപനങ്ങളടക്കം ഒരുഘട്ടത്തിൽ നിരുത്സാഹപ്പെടുത്തി. എന്നാൽ വ്യവസായ വകുപ്പിന്റെയും കയർഫെഡിന്റെയും പിന്തുണ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിച്ചുവെന്ന് അന്പിളി കൂട്ടിച്ചേർത്തു.
ഇന്ന് മികച്ച വരുമാനം മാർഗം ലഭിക്കുന്നുണ്ടെന്ന് മാത്രമല്ല, നിരവധി പേർക്ക് ഉപജീവനമാർഗം കൂടിയാണ് അന്പിളിയുടെ സംരംഭം. മക്കളും വിദ്യാർഥികളുമായ ഇഷാൻ ജോസ്, അന്ന മരിയ, ആന്റണി ജോസ് എന്നിവരും അന്പിളിക്ക് പ്രോത്സാഹനങ്ങളുമായി സംരംഭത്തിനൊപ്പമുണ്ട്.