കർണാടകയിൽ ഇന്ധന വില കുറവ്; കേരളത്തിലെ പെട്രോൾ പന്പ് അടച്ചുപൂട്ടി
1278144
Friday, March 17, 2023 12:07 AM IST
മാനന്തവാടി: കേരളത്തിൽ ഇന്ധന വില വർധിപ്പിച്ചത് തിരിച്ചടിയായിരിക്കുകയാണ് കർണാടക അതിർത്തിയിലുള്ള കേരളത്തിലെ പന്പുകൾക്ക്. അതിർത്തിക്കടുത്തുള്ള തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ പ്രവർത്തിച്ചിരുന്ന ഒരു പെട്രോൾ പന്പ് കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം നിർത്തി.
ഈ പന്പിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കർണ്ണാടക കുട്ടത്ത് ഒരു ലിറ്ററിന് ഇവിടുത്തെക്കാൾ എട്ട് രൂപയുടെ കുറവാണുള്ളത്. ഇതോടെയാണ് കേരളത്തിലെ ആളുകൾ പോലും പെട്രോൾ നിറയ്ക്കാൻ വാഹനവുമായി കുട്ടത്തേക്ക് പോയി തുടങ്ങിയത്. പ്രതിസന്ധിയിലായ പന്പ് ഉടമ അടച്ച് പൂട്ടുകയായിരുന്നു.
വർഷങ്ങൾക്ക് മുൻന്പ് ആരംഭിച്ച പന്പ് ഏതാനും വർഷം വരെ ലാഭത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ബജറ്റിൽ ഇന്ധന സെസ് രണ്ട് രൂപ കൂടി ചുമത്തിയതോടെ പന്പ് അടുത്തെങ്ങും തുറക്കാമെന്ന പ്രതീക്ഷയും ഇവർക്ക് നഷ്ടപ്പെട്ടു.