ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു
1278153
Friday, March 17, 2023 12:07 AM IST
കൽപ്പറ്റ: വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. രാവിലെ 10 ന് കളക്ടറേറ്റിലെത്തിയ ഡോ. രേണു രാജിനെ എഡിഎം എൻ.ഐ. ഷാജുവും ജീവനക്കാരും ചേർന്നു സ്വീകരിച്ചു. ജില്ലയുടെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് മുൻഗണന നൽകും. ജില്ലയുടെ വികസന പ്രവർത്തലങ്ങൾക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും കളക്ടർ പറഞ്ഞു.
ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവരുമായി കളക്ടർ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ച് പ്രാഥമിക ചർച്ച നടത്തിയ ശേഷം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളും സന്ദർശിച്ചു.
എറണാകുളം ജില്ലാ കളക്ടർ, ആലപ്പുഴ ജില്ലാ കളക്ടർ, തൃശൂർ, ദേവികുളം സബ് കളക്ടർ, അർബൻ അഫേഴ്സ് വകുപ്പ് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.