വൈത്തിരി ഉപജില്ലാ സ്കൂൾ ഒളിന്പിക്സ് ഇന്ന് മുതൽ
1461190
Tuesday, October 15, 2024 1:55 AM IST
കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ ഒളിംപിക്സ് ഇന്നുമുതൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രഥമ സ്കൂൾ ഒളിംപിക്സിന് കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി കായികമേളയിൽ 800 കായികതാരങ്ങൾ പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിക്കും. ഉപജില്ല കായികമേളയുടെ ലോഗോയിൽ മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞ നാല് കായിക താരങ്ങളെയും ബെയിലി പാലവും രേഖപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു.
ദേശീയ കായികതാരങ്ങൾ അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത് വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടാണ്. സ്കൂൾ എൻസിസി, എൻഎസ്എസ് വിദ്യാർഥികൾ ഒരുക്കുന്ന പരേഡ് ഉദ്ഘാടന ചടങ്ങിന് നിറം പകരും. സമാപന സമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, പ്രമുഖ കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.