വയോധികയുടെ വീട് തകർത്തുവെന്ന കേസ് : മാനന്തവാടിയിൽ കെവിഎം വിശദീകരണ യോഗം സെപ്റ്റംബർ 15ന്
1585313
Thursday, August 21, 2025 5:50 AM IST
കൽപ്പറ്റ: കടക്കെണി വിമോചന മുന്നണി(കെവിഎം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15ന് വൈകുന്നേരം നാലിന് മാനന്തവാടി ഗാന്ധി പാർക്കിൽ വിശദീകരണ യോഗം നടത്തും.
ഒഴക്കോടിക്കടുത്ത് വയോധികയുടെ വീട് അതിക്രമിച്ചുകയറി തകർത്തുവെന്ന പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കുന്നതിനാണ് യോഗമെന്ന് മുന്നണി സംസ്ഥാന സെക്രട്ടറി കാരായി ആരൂഷ്.
ജില്ലാ സെക്രട്ടറി കെ. ഷമീർ, അബു പൂക്കോട്, എൻ.ജി. ശിവൻ, കെ. സജീവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒഴക്കോടിക്കടുത്ത് മാതാവ് ഒസ്യത്ത് പ്രകാരം നൽകിയ അഞ്ച് സെന്റിൽ ശന്പള സർട്ടിഫിക്കറ്റ് ഈടു നൽകി എടുത്ത വായ്പ ഉപയോഗിച്ച് വീട് നിർമിച്ച പുഷ്പ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് കടക്കെണി വിമോചന മുന്നണിക്ക് പരാതി നൽകിയിരുന്നു.
മാതാവും പുഷ്പയും രണ്ടു പെണ്മക്കളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. സഹോദരന്റെ ഭീഷണിക്കുവഴങ്ങി വീട് ഒഴിയാൻ പുഷ്പയും മക്കളും നിർബന്ധിതരായി. മാതാവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയതിനുശേഷമായിരുന്നു സഹോദരന്റെ ഭീഷണി. 87 വയസുള്ള മാതാവിനെ തെറ്റിദ്ധരിപ്പിച്ച് സഹോദരൻ പുഷ്പയ്ക്കെതിരേ പീഡനം ഉൾപ്പെടെ ആരോപിച്ച് ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും പരാതിയും കൊടുപ്പിച്ചു. ഇതേത്തുടർന്നു പ്രശ്നപരിഹാരത്തിന് പ്രദേശവാസികൾ നടത്തിയ ശ്രമം വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് പുഷ്പ മുന്നണിയെ സമീപിച്ചത്.
മുന്നണി ജില്ലാ കമ്മിറ്റിയുടെ അന്വേഷണത്തിൽ പുഷ്പയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് സഹോദരനുമായി ബന്ധപ്പെട്ട് അനുരഞ്ജനത്തിനു മുന്നണി നേതാക്കൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ പുഷ്പയെ അവരുടെ വീട്ടിൽ പ്രവേശിപ്പിക്കുന്നിന് നേതൃത്വം നൽകാൻ മുന്നണി തീരുമാനിച്ചു.
ഇതനുസരിച്ച് പുഷ്പയ്ക്കും മക്കൾക്കുമൊപ്പം നാട്ടുകാരടക്കം 40 ഓളം ആളുകൾ ഒഴക്കോടിക്കടുത്തുള്ള വീട്ടിലേക്ക് ജാഥ നടത്തി. പുഷ്പയും മക്കളും സ്വയം വീട് തുറന്ന് അകത്തുകയറി. എന്നിരിക്കേയാണ് മുന്നണി പ്രവർത്തകരടക്കം ജാഥയിൽ പങ്കെടുത്തവർക്കെതിരേ അതിക്രമിച്ചുകയറി വയോധികയുടെ വീടു തകർത്തുവെന്ന് ആരോപിച്ച് കേസെടുത്തത്.
കേസിൽ പ്രതികളാക്കിയവരിൽ മൂന്നു മുന്നണി പ്രവർത്തകർ എട്ട് ദിവസം റിമാൻഡിൽ കഴിയേണ്ടിവന്നു. താമസിക്കുന്നതും വാടകയ്ക്കു നൽകിയതുമടക്കം ആറ് വീടുകൾ കൈവശമുള്ളയാളാണ് പുഷ്പയെയും മക്കളെയും ദ്രോഹിച്ച സഹോദരൻ. ഹോമിയോ ചികിത്സകനാണ് ഇയാളെന്നും മുന്നണി ഭാരവാഹികൾ പറഞ്ഞു.