റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് ഈ അക്കാദമിക വർഷം തുടങ്ങിയത് സർക്കാരിന്റെ ഇച്ഛാശക്തി: മന്ത്രി ആർ. ബിന്ദു
1584940
Tuesday, August 19, 2025 8:09 AM IST
മാനന്തവാടി: തൃശിലേരിയിൽ വരാൻ പോകുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് താത്കാലിക അടിസ്ഥാനത്തിൽ മാനന്തവാടി ഗവ. കോളജിൽ ഈ അക്കാദമിക വർഷംതന്നെ തുടങ്ങിയത് സർക്കാരിന്റെ ഇച്ഛാശക്തിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു.
റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന്റെ അധ്യയന പ്രവർത്തനങ്ങളുടെയും മാനന്തവാടി ഗവ. കോളജിലെ ഇംഗ്ലീഷ്, കൊമേഴ്സ്, ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് വകുപ്പുകളിൽ ആരംഭിക്കുന്ന ഗവേഷണ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മാനന്തവാടി ഗവ. കോളജിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മോഡൽ കോളജ് കെട്ടിട നിർമാണ തുകയുടെ 60 ശതമാനം റൂസ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ അനുവദിക്കുന്പോൾ കോളജിന്റെ ഭാവി വികസനത്തിനും അധ്യാപക, അനധ്യാപക ജീവനക്കാരുടെ ശന്പളം ഉൾപ്പെടെ നടത്തിപ്പിന്റെ എല്ലാ ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് മന്ത്രി വ്യക്തമാക്കി.
2019ൽ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിൽ കോളജ് കെട്ടിടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി ഓണ്ലൈൻ വഴി നിർവഹിച്ചെങ്കിലും ഭൂമി സംബന്ധിച്ച് കേസ് വന്നതിനാൽ കെട്ടിടം പണി തുടങ്ങാനായില്ല. തുടർന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശിലേരിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകിയ അഞ്ച് ഏക്കർ ഭൂമിയിലാണ് കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കോളജിൽ അനുവദിച്ച അഞ്ചു കോഴ്സുകളിൽ മൂന്നെണ്ണം പുത്തൻ തലമുറ കോഴ്സുകളാണെന്ന് മന്ത്രി പറഞ്ഞു.
ബിഎസ്സി സൈക്കോളജി ആൻഡ് ന്യൂറോസയൻസ്, ബിഎസ്സി ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിംഗ്, ബി കോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൗണ്ടിംഗ് എന്നിവയാണിവ. ബിഎ മലയാളം, ബിഎ ഇംഗ്ലീഷ് എന്നിവയാണ് മറ്റ് രണ്ട് കോഴ്സുകൾ.
കോളജിൽ ഏഴ് സ്ഥിരം അധ്യാപകരുടേത് ഉൾപ്പെടെ പുതിയ തസ്തികകൾ അനുവദിച്ചെന്നും കോളജ് കെട്ടിടത്തിന്റെ രൂപരേഖ എച്ച്എംഎൽ ലൈഫ്കെയർ തയാറാക്കിയതായും മന്ത്രി അറിയിച്ചു. 102 വിദ്യാർഥികൾ കോളജിൽ പ്രവേശനം നേടി. ജില്ലയെ സാമൂഹ്യപരമായി ശക്തീകരിക്കുന്നതിന്റെ ഭാഗമായി ആദിവാസി വിഭാഗം ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും എത്തണം. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിൽ എട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചെന്ന് മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.
പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. പി. സുധീർ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ജസ്റ്റിൻ ബേബി, പി.വി. ബാലകൃഷ്ണൻ, സുധി രാധാകൃഷ്ണൻ, ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, വാർഡ് അംഗം ലിസി ജോണി, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.ടി. ചന്ദ്രമോഹൻ, പിടിഎ വൈസ് പ്രസിഡന്റ് കെ.ടി. വിനു, കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ. സുനിൽ ജോണ്, മാനന്തവാടി ഗവ. കോളജ് പ്രിൻസിപ്പൽ ഡോ.കെ. അബ്ദുൾ സലാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രതിഷേധവുമായി ബിജെപി
മാനന്തവാടി: റൂസ കോളജ് ഉദ്ഘാടനത്തിൽ കേന്ദ്രസർക്കാരിന്റെ പേര് പരാമർശിക്കാത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
മാനന്തവാടി ഗവ. കോളജിന് സമീപത്താണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. റൂസ കോളജിന്റെ പദ്ധതി വിഹിതത്തിന്റെ അറുപത് ശതമാനവും വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്.
എന്നാൽ ഉദ്ഘാടന പരിപാടിയുടെ പോസ്റ്ററിൽ കേന്ദ്ര സർക്കാരിന്റെ ചിഹ്നങ്ങളോ പ്രധാനമന്ത്രിയുടെ ചിത്രമോ ഇല്ല. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ കോളജിന് സമീപം പോലീസ് തടഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ പ്രേം, ജിതിൻ ഭാനു എന്നിവർ പ്രസംഗിച്ചു.