ഭവന നിർമാണം: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി 37 കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം നൽകി
1585128
Wednesday, August 20, 2025 5:24 AM IST
മാനന്തവാടി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്നതും സ്വന്തമായി വീട് ഇല്ലാത്തതുമായ 37 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി രണ്ട് ലക്ഷം രൂപ വീതം നൽകി.
നാല് പതിറ്റാണ്ടായി സൊസൈറ്റിയുടെ കുടുംബ ശക്തീകരണ പരിപാടികൾക്ക് സാങ്കേതിക-സാന്പത്തിക സഹായം ലഭ്യമാക്കുന്ന ‘സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ’യുമായി സഹകരിച്ചാണ് ഭവന നിർമാണത്തിന് സഹായം നൽകിയത്.
വിധവകൾ, മാരകരോഗികൾ, അംഗപരിമിതർഎന്നിവർക്ക് മുൻഗണന നൽകിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. നിർമാണം പൂർത്തിയായ ഭവനങ്ങളുടെ താക്കോൽദാനം സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടത്തി. ‘സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ’ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ആന്റണി വട്ടപറന്പിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ദീപു ജോസഫ്, സ്റ്റാഫ് സെക്രട്ടറി ചിഞ്ചു മരിയ പീറ്റർ, ഗുണഭോക്താക്കളായ റിനി മുരളി, പുഷ്പ തവിഞ്ഞാൽ എന്നിവർ പ്രസംഗിച്ചു.