ചീരാലിൽ വീണ്ടും പുലി: വളർത്തുനായയെ കടിച്ചുകൊണ്ടുപോയി
1584939
Tuesday, August 19, 2025 8:09 AM IST
സുൽത്താൻ ബത്തേരി: ചീരാലിലെ പുലി ഭീതിക്ക് അറുതിയില്ല. ഇന്നലെ പുലർച്ചെ ചീരാൽ നോർത്ത് വെള്ളച്ചാലിലാണ് പുലിയുടെ ആക്രമണം ഏറ്റവുമൊടുവിലായുണ്ടായത്.
പ്രദേശവാസിയായ എടപ്പരത്തിപാലക്കൽ അരവിന്ദന്റെ വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി. ഇന്നലെ പുലർച്ചെ മൂന്നോടെ നായയുടെ കരച്ചിൽകേട്ട് അരവിന്ദൻ ജനലിലൂടെ നോക്കുന്പോൾ പുലി നായയെ കടിച്ചെടുത്തുകൊണ്ടുപോകുന്നതാണ് കണ്ടത്. മേപ്പാടിയിൽ നിന്ന് വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.
പുലിയെ പിടികൂടാനുള്ള നടപടികൾ സ്വകീരിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ദിവസംമുന്പ് വെള്ളച്ചാലിൽ കുറ്റിക്കാംപാളി വിജയകുമാറിന്റെ അഞ്ച് കോഴികളെയും പുലി കൊന്നു. ചീരാലിൽ തുടർച്ചയായി പുലിയുടെയും കടുവയുടെയും സാനിധ്യമുണ്ടാകുന്നത് പ്രദേശവാസികളെ ഭയത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് മാസമായി ചീരാൽ, നന്പ്യാർകുന്ന് മേഖലകളിൽ പുലിശല്യം തുടങ്ങിയിട്ട്. ഇതിനിടെ ഒരു പുലിയെ നന്പ്യാർകുന്നിലും മറ്റൊന്നിനെ തമിഴ്നാട് വനംവകുപ്പ് അതിർത്തിപ്രദേശമായ നരിക്കൊല്ലിയിലും പിടികൂടിയിരുന്നു. ഇപ്പോഴും പുലിയുടെ സാനിധ്യം സ്ഥിരീകരിക്കുന്നത് പ്രദേശവാസികളെ ഭയത്തിലാക്കിയിരിക്കുകയാണ്.
കൃഷിയിടങ്ങളിലടക്കം കടുവയുടെയും പുലിയുടെയും സാനിധ്യം സ്ഥിരീകരിച്ചതോടെ കൃഷിപ്പണിക്കുപോലും ആളെകിട്ടാത്ത അവസ്ഥയാണ്. കരിങ്കാളികുന്നിൽ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പുലി കൂട്ടിൽകുടുങ്ങിയിട്ടില്ലെന്നതും ജനങ്ങളെ ആശങ്കയിലാക്കുകയാണ്.