നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണം: ഡോ. തോമസ് ഐസക്
1584100
Friday, August 15, 2025 6:18 AM IST
കൽപ്പറ്റ: നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണമെന്ന് മുൻ ധനമന്ത്രിയും സാന്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്ക്.
കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർഥികളെ സജ്ജരാക്കുന്ന നൈപുണി വികസന കേന്ദ്രങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമായി മാറണം.
അക്കാദമിക പരിജ്ഞാനത്തിനൊപ്പം നൂതന തൊഴിൽ നൈപുണ്യങ്ങൾ കൂടി നൽകി സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാറുന്ന കാലത്തിനനുസരിച്ച് സർവകലാശാലകളും പാഠ്യപദ്ധതികളും നവീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ. സുധീർ ബാബു ശിൽപശാല ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി. ജോസഫ് അധ്യക്ഷത വഹിച്ചു.
അക്കാദമിക സെഷനിൽ നൈപുണി വികസനത്തിൽ സ്ഥാപനങ്ങളുടെ ചുമതലകൾ എന്ന വിഷയത്തിൽ വിജ്ഞാന കേരളം വയനാട് ഡിഎംസി സി.എസ്. ശ്രീജിത്ത് സംസാരിച്ചു. ഓരോ കോളജിലും നൈപുണി വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങളും ആശയങ്ങളും ശില്പശാലയിൽ ചർച്ചയായി.
കോളജ് പ്രിൻസിപ്പൽമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ, പ്ലേസ്മെന്റ് ഓഫീസർമാർ, ഐക്യുഎസി കോർഡിനേറ്റർമാർ, വിജ്ഞാനകേരളം വയനാട് അക്കാദമിക് കോഓർഡിനേറ്റർ ഡോ. ജോബി, കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം സോബിൻ വർഗീസ്, വയനാട് അക്കാദമിക് കോഓർഡിനേറ്റർ കെ.എം. സജ്ന എന്നിവർ പങ്കെടുത്തു.