പൗരോഹിത്യം മറ്റുള്ളവർക്ക് വേണ്ടിയാകണം: ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്
1584941
Tuesday, August 19, 2025 8:09 AM IST
സുൽത്താൻ ബത്തേരി: യേശു ജീവിച്ചത് മറ്റുള്ളവർക്ക് വേണ്ടിയായതിനാൽ പൗരോഹിത്യവും മറ്റുള്ളവർക്ക് വേണ്ടിയാകണമെന്ന് യാക്കോബയാ സഭ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് പറഞ്ഞു.
കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസിസി) വയനാട് ജില്ലാ വൈദിക സമ്മേളനം ബത്തേരി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദികർ ജീവിതത്തിലും പ്രവർത്തിയിലും മഹത്വത്തിന്റെ ചെറിയ മുദ്ര പതിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ക്ലർജി കമ്മീഷൻ ചെയർമാൻ എ.ആർ. നോബിൾ അധ്യക്ഷത വഹിച്ചു.
കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ശുശ്രൂഷ വെല്ലുവിളികൾ മതം, വിശ്വാസം എന്ന വിഷയത്തിൽ കെസിസി ട്രഷറർ ഡോ.ടി.ഐ. ജയിംസ് ക്ലാസ് നയിച്ചു. ഓർത്തഡോക്സ് സഭ ബത്തേരി ഭദ്രാസന സെക്രട്ടറി ബേബി ജോണ്‍, ട്രവർ ജ്യോതിഷ്, സാംപ്രകാശ്, ക്ലർജി കമ്മീഷൻ സംസ്ഥാന പ്രോഗ്രാം കോഓർഡിനേറ്റർ മേജർ ടി.ഇ. സ്റ്റീഫൻസണ്‍, ക്ലർജി കമ്മീഷൻ അംഗം സിനോജ് മാഞ്ഞൂരാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ചെയർമാനായി സാംപ്രകാശ്, കണ്‍വീനറായി ഫാ. ഷിബു ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു.